വടകര
മണ്ണിന്നടിയിൽ പൊന്നിൻകട്ട വിളയിക്കാൻ ഇബ്രാഹിമിന് തുണയായത് ഏഴുവർഷം മുമ്പ് കൃഷിഭവൻ മുഖേന സൗജന്യമായി ലഭിച്ച മഞ്ഞൾ പൊടിയന്ത്രമാണ്. രണ്ടുപതിറ്റാണ്ടിലേറെയുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മണിയൂരിലെ തേവർ പറമ്പത്ത് ഇബ്രാഹിം മഞ്ഞൾ കൃഷിയിലൂടെ ജീവിതവഴിയിൽ പുതുവഴിവെട്ടുകയായിരുന്നു.
വീട്ടാവശ്യത്തിനായി മാത്രം മഞ്ഞൾ കൃഷിചെയ്ത ഇബ്രാഹിമിന് മണിയൂർ കൃഷിഭവൻ മുഖേന മഞ്ഞൾ പൊടിക്കുന്ന യന്ത്രം സൗജന്യമായി ലഭിച്ചതോടെയാണ് കൃഷിയിലേക്ക് പൂർണ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ 30 സെന്റിലേറെ സ്ഥലത്ത് മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്. നാടൻ ഇനങ്ങൾക്ക് പുറമെ അത്യുൽപ്പാദന ശേഷിയുള്ള പ്രതിഭ, പ്രഗതി ഇനങ്ങളും കൃഷി ചെയ്യുന്നു. പെരുവണ്ണാമൂഴി കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് വിത്തെത്തിച്ചാണ് കൃഷിയിറക്കിയത്.
പച്ചില വളവും ആട്ടിൻ കാഷ്‌ഠവുമാണ് പ്രധാന വളം. മെയ്, ജൂൺ മാസത്തിൽ വിത്തിറക്കിയാൽ ഒമ്പതു മാസത്തിനു ശേഷം വിളവെടുക്കാം. നാട്ടിലെ ചെറുകിട കർഷകരിൽ നിന്നും മഞ്ഞൾ ശേഖരിക്കുന്നുണ്ട്. പരമ്പരാഗത രീതിയിലാണ് മഞ്ഞൾ സംസ്കരണം. പച്ച മഞ്ഞൾ കഴുകി വൃത്തിയാക്കിയ ശേഷം ആവിയിൽ പുഴുങ്ങിയെടുത്ത് ചെറു കഷണങ്ങളാക്കി വെയിലിൽ ഉണക്കിയെടുക്കും. നന്നായി ഉണങ്ങിയ ശേഷം പൊടിച്ചെടുക്കും. ഉണക്കം കുറഞ്ഞാൽ പൊടിയും കുറയുമെന്ന് ഇബ്രാഹിം പറയുന്നു. കിലോയ്‌ക്ക് 400 രൂപ നിരക്കിലാണ് വിൽപ്പന. ആവശ്യക്കാരുടെ വീടുകളിൽ മഞ്ഞൾപ്പൊടി എത്തിച്ചു നൽകുകയാണ് ചെയ്യുക. കടകളിൽ വിൽപ്പനയില്ല. വീട്ടിൽവെച്ചും വിൽപ്പന നടത്താറുണ്ട്.
കലർപ്പില്ലാത്ത മഞ്ഞൾ കിട്ടാനില്ല എന്നതാണ് പ്രധാന പ്രശ്നം. ലാഭമല്ല വിഷരഹിത മഞ്ഞൾ ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇബ്രാഹിം പറയുന്നു. ജൈവ കർഷകനായ അദ്ദേഹം പച്ചക്കറി കൃഷിയും ആട് വളർത്തലും നടത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..