19 September Thursday

മേഖലാ ശാസ്‌ത്രകേന്ദ്രത്തിൽ 
നീന്തിത്തുടിച്ച്‌ വർണമത്സ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
കോഴിക്കോട്‌
മണ്ണിലെയും വിണ്ണിലെയും ശാസ്‌ത്ര കൗതുകങ്ങൾക്കൊപ്പം മത്സ്യങ്ങളുടെ വർണക്കാഴ്‌ചകളും മേഖലാ ശാസ്‌ത്രകേന്ദ്രത്തിൽ കാണാം. ‘അക്വാ ലൈഫ്‌ കോർണർ’ ഒരുക്കിയാണ്‌ സന്ദർശകർക്ക്‌ ശാസ്‌ത്രകേന്ദ്രം മത്സ്യങ്ങളുടെ വർണലോകം സമ്മാനിക്കുന്നത്‌. വലുതും ചെറുതുമായ 17 തരം മത്സ്യങ്ങളാണ്‌ കഴിഞ്ഞ ദിവസം ആരംഭിച്ച ‘അക്വാ ലൈഫ്‌ കോർണറി’ലെ  വിരുന്ന്‌. 
നേരത്തേ ഉണ്ടായിരുന്ന ലൈഫ്‌ സയൻസ്‌ ഗ്യാലറിയാണ്‌ ഒമ്പത്‌ വലിയ അക്വേറിയങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചത്‌. ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള വലിയ ചീങ്കണ്ണി മത്സ്യം, കടുവയോട്‌ സമാനമായ ദേഹമുള്ള ടൈഗർ ഫിഷ്‌, ഭീമൻ സീബ്രാ തിലാപ്പിയ, പൂപ്പലും മാലിന്യവും നീക്കി അക്വേറിയം വൃത്തിയാക്കുന്ന സക്കർ ഫിഷ്‌ ഇങ്ങനെ വൈവിധ്യങ്ങളുടെ മത്സ്യലോകമാണ്‌ അക്വാ ലൈഫ്‌ കോർണർ.
വെള്ളി നിറത്തിൽ കൂട്ടത്തോടെ മാത്രം സഞ്ചരിക്കുന്ന സിൽവർ ഷാർക്ക്‌ മറ്റൊരു ആകർഷണമാണ്‌. ശബ്ദങ്ങളോട്‌ പെട്ടെന്ന്‌ പ്രതികരിക്കുന്ന ഇവയുടെ ഒന്നിച്ചുള്ള ചലനം രസകരമാണ്‌. വിഡോ റ്റെട്രാ, ബ്ലാക്ക്‌ ഷാർക്ക്‌, വൈറ്റ്‌ പിരാനാ, ഓസ്‌കാർ ഫിഷ്‌, പാരറ്റ്‌ ഫിഷ്‌ തുടങ്ങിയ മത്സ്യങ്ങളുണ്ട്‌. അവധിക്കാലമായതിനാൽ കുട്ടികളടക്കം നിരവധി പേരാണ്‌ മേഖലാ ശാസ്‌ത്രകേന്ദ്രം കാണാനെത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top