22 December Sunday

‘ഓണം ബമ്പറടിച്ച്‌’ കെഎസ്‌ആർടിസി

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2024
 
കോഴിക്കോട് 
ഇക്കുറിയും ട്രെയിൻ യാത്ര ദുരിതമായതോടെ ‘ഓണം ബമ്പർ’ അടിച്ചത്‌ കെഎസ്‌ആർടിസിക്കാണ്‌. തിരുവോണദിനത്തിലും ഒന്നാം ഓണം നാളിലും തലേദിവസവും റെക്കോഡ്‌ വരുമാനമാണ്‌ ആനവണ്ടികൾ സ്വന്തമാക്കിയത്‌. കോഴിക്കോട്‌ ഡിപ്പോയിൽ മാത്രം മൂന്നുനാളിൽ നേടിയത്‌ 87 ലക്ഷത്തിലേറെ രൂപ.  ഉത്രാടദിനത്തിലാണ്‌ കൂടുതൽ വരുമാനം 31,72,519 രൂപ. തിരുവോണ ദിവസമായ ഞായറാഴ്‌ച 25,35,691 രൂപയും 13ന്‌ 30,44,420 രൂപയും വരുമാനമുണ്ടായി.  സാധാരണ ദിവസങ്ങളിൽ ഇരുപത്തിയഞ്ച്‌ ലക്ഷത്തിൽ താഴെയാണ്‌ വരുമാനം. 
ബംഗളൂരു, മൈസൂരു, തിരുവനന്തപുരം സർവീസുകളിൽനിന്നാണ്‌ കൂടുതൽ വരുമാനം. 13ന്‌ 88ഉം 14ന്‌ 85ഉം 15ന്‌ 69 സർവീസുമാണ്‌ നടത്തിയത്‌. ഓണം പ്രമാണിച്ച്‌ ബംഗളൂരു, മൈസൂരു, ബത്തേരി–-മാനന്തവാടി എന്നിവിടങ്ങളിലേക്കായിരുന്നു പ്രത്യേക അധിക സർവീസ്‌. 23 വരെ അധിക സർവീസ്‌ തുടരും.  ബംഗളൂരുവിലേക്ക്‌ ഒമ്പത്‌ അധിക സർവീസും മറ്റിടങ്ങളിലേക്ക്‌ രണ്ട്‌ അധിക സർവീസുമാണ്‌ ഒരുക്കിയിരുന്നത്‌. 
ഓണത്തിന്‌ നാട്ടിലെത്താൻ മാസങ്ങൾക്കുമുമ്പ്‌  ട്രെയിനുകളിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിട്ടും സീറ്റ്‌ കിട്ടാത്തവർക്ക്‌ ആശ്വാസമായത്‌ കെഎസ്‌ആർടിസിയാണ്‌. ഓണം സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിൽ റെയിൽവേയുടെ അലംഭാവം കാരണം നാട്ടിലെത്താൻ നെട്ടോട്ടമോടിയ മലയാളിക്ക്‌ ഇക്കുറി ട്രെയിൻ യാത്രാദുരിതം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top