കോഴിക്കോട്
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ രക്തനക്ഷത്രം സീതാറാം യെച്ചൂരിക്ക് കോഴിക്കോട് പൗരാവലിയുടെ ആദരം. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ കാവൽപ്പോരാളിയായിരുന്ന യെച്ചൂരിയുടെ വേർപാട് അത്യന്തം വേദനാജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സിപിഐ എമ്മിന്റെയും കമ്യൂണിസ്റ്റ് പ്ര സ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർടികളുടെയും പ്രമുഖ നേതാവായിരുന്ന യെച്ചൂരി മികച്ച മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ കൂടിയായിരുന്നു.
മൂന്ന് പതിറ്റാണ്ടായി പാർടിയുടെ രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതിൽ സഖാവ് തന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും എഴുത്തുകാരനുമായ അദ്ദേഹം തന്റെ കഴിവുകൾ പൂർണമായും പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തി. മികച്ച സംഘടനാ പ്രവർത്തകൻ എന്നതിനൊപ്പം അതുല്യനായ പാർലമെന്റേറിയനുമായിരുന്നു. വർഗീയതയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടവേദിയായി പാർലമെന്റിനെ ഉപയോഗപ്പെടുത്തി.
ഇന്ത്യ എന്ന ആശയത്തെയും വികാരത്തെയും സംരക്ഷിക്കാനുള്ള എണ്ണമറ്റ പോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വംനൽകി. ഐക്യമുന്നണി, യുപിഎ സർക്കാരുകളുടെ നിലപാടുകളും നയപരിപാടികളും രൂപപ്പെടുത്തുന്നതിൽ മുൻപന്തിയിലുണ്ടായി. രാജ്യത്തെ പ്രതിപക്ഷത്തിന്റെ കൂട്ടായ്‌മ ഏകോപിപ്പിക്കുന്നതിലും ‘ഇന്ത്യ’എന്ന വേദി രൂപപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ച സീതാറാം രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് നേടി. കോഴിക്കോടുമായി വലിയ ആത്മബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും അനുശോചന പ്രമേയത്തിൽ പറഞ്ഞു.
മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ എംഎൽഎ, സത്യൻ മൊകേരി, അഡ്വ. പി എം നിയാസ്, അഡ്വ. വി കെ സജീവൻ, ടി ടി ഇസ്‌മയിൽ, എം കെ ഭാസ്‌കരൻ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, മുക്കം മുഹമ്മദ്, വി ഗോപാലൻ, രതീഷ് വടക്കേടത്ത്, എൻ കെ അബ്ദുൾ അസീസ്, പി ടി ആസാദ്, മുസ്‌തഫ കൊമ്മേരി, കെ സി അബു, കെ കെ ലതിക, എ പ്രദീപ്‌കുമാർ, കെ കെ ബാലൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ടി പി ദാസൻ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..