കാക്കൂർ
ജില്ലയിലെ പ്രധാന കാർഷിക പ്രദേശങ്ങളിലൊന്നായ കാക്കൂരിലെ കൃഷിരീതികളും മാറ്റത്തിന്റെ പാതയിലേക്ക്. പരമ്പരാഗത കൃഷി തുടർന്നുവന്നിരുന്ന കാക്കൂരിലെ നെൽവയലുകളും യന്ത്രവൽകൃത കൃഷിരീതിയിലേക്ക് മാറിത്തുടങ്ങി. ഹെക്ടർ കണക്കിന് നെൽവയലുള്ള കാക്കൂരിൽ ഞാറ് പറിച്ചു നടുന്നതിനും മറ്റും തൊഴിലാളികൾക്ക് ക്ഷാമം വന്നതോടെയാണ് കൃഷിഭവന്റെ നേതൃത്വത്തിൽ യന്ത്രവൽകൃത കൃഷിരീതിയിലേക്ക് കർഷകർ മാറിയത്.
ബാലുശേരിക്കടുത്ത് കോട്ടൂർ പഞ്ചായത്തിലെ കിസാൻ സേന പ്രവർത്തകനായ ശശിയാണ് മെഷീൻ ഉപയോഗിച്ചുള്ള ഞാറ് നടീൽ പ്രവൃത്തി നടത്തുന്നത്. ഇതിനായി ഏക്കറിന് 7000 രൂപയാണ് ചെലവ്. ആദ്യഘട്ടത്തിൽ കാക്കൂർ കാവിൽ താഴം, രാമല്ലൂർ ചീർപ്പ്, കുന്നത്ത് താഴം, കൂഴിക്കണ്ടിത്താഴം എന്നീ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് ഞാറ് നട്ടത്. പരമ്പരാഗത നെൽവിത്തിനങ്ങളായ തെക്കൻ ചിറ്റേനി, മുണ്ടകൻ, ചെമ്പാവ് എന്നിവയ്ക്കു പുറമേ അത്യുൽപ്പാദനശേഷിയുള്ള കരുണ, ഉമ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സി ശിവശങ്കരൻ, രാഗേഷ് കൊരഞ്ഞൂര്, വേണു തറോലക്കണ്ടി, റോഷൻ കാക്കൂർ, സജിൽ, രൂപേഷ് എന്നീ കർഷകരാണ് മെഷീൻ ഉപയോഗിച്ചുള്ള കൃഷി നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..