21 December Saturday
ഇടശ്ശേരിയുടെ ഓർമകൾക്ക്‌ 50 ആണ്ട്‌

പൂതപ്പാട്ടിന്റെ ‘കാരുണ്യതീവ്രത’ പാടിപ്പകർന്ന്‌ ആർ മോഹനൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ബീക്കൺ കലിക്കറ്റ്‌ സംഘടിപ്പിച്ച പരിപാടിയിൽ ആർ മോഹനൻ പൂതപ്പാട്ട്‌ 
ആലപിക്കുന്നു

കോഴിക്കോട്‌
കവി ഇടശ്ശേരിയുടെ ഓർമകൾക്ക്‌ 50 ആണ്ട്‌ പിന്നിടുമ്പോൾ കാലം ഏറ്റുചൊല്ലിയ അദ്ദേഹത്തിന്റെ പൂതപ്പാട്ടിന്‌ വേദികളിൽ ശബ്ദമേകി കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ആർ മോഹനൻ. 40 വർഷം മുമ്പ്‌ കണ്ണഞ്ചേരിയിലെ ക്ഷേത്രോത്സവ വേദിയിൽ നിന്നാരംഭിച്ച പൂതപ്പാട്ടിന്റെ ആലാപനം ബുധനാഴ്‌ചയും തുടർന്ന്‌ മോഹനൻ. ഇടശ്ശേരി അനുസ്‌മരണത്തിന്റെ ഭാഗമായി ബീക്കൺ കലിക്കറ്റ്‌ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആലാപനം. 
സ്വയം ചിട്ടപ്പെടുത്തിയ പ്രത്യേക താളത്തിൽ ഭാവാർദ്രമായാണ്‌ മോഹനൻ പൂതപ്പാട്ട്‌ ചൊല്ലുക. ആദ്യമായി കേട്ടപ്പോൾ മനസ്സിൽ രൂപപ്പെട്ടതാണ്‌ താളം. ഉണ്ണിയുടെയും അമ്മയുടെയും പൂതത്തിന്റെയും രൂപമാകെ ശബ്ദതീവ്രതയിലും വൈകാരികമായ ചൊല്ലലിലും മോഹനൻ പകരും. ശബ്ദമാധുരിയും തീവ്രതയും ചേർന്നുള്ള ആ പാട്ടവതരണത്തിൽ ഓട്ടുചിലമ്പുമായി പൂതവും അമ്മയും കുന്നുമെല്ലാം കടന്നുവരുന്ന മോഹനമായ ആലാപനം കവിതക്കും കവിക്കുമുള്ള ആദരമാണ്‌. 
ആലാപനത്തിൽ കാരുണ്യത്തിന്റെ കവിതയായി പൂതപ്പാട്ടിനെ കാണുന്ന മോഹനന്‌ അത്‌ ഹൃദയത്തിലേറ്റി പാടാനാവുന്നതും കവിതയുടെ ആ സവിശേഷതകൊണ്ടാണ്‌. പ്രീഡിഗ്രിക്ക്‌ ഈ കൃതി പഠിപ്പിക്കാൻ ഉണ്ടായിരുന്നു. അങ്ങനെ കൽപ്പറ്റയിൽ പാരലൽ കോളേജിൽ അധ്യാപനകാലത്ത്‌ കവിത ഹൃദയത്തിലേറ്റി. 
പിന്നീട്‌ സാംസ്‌കാരിക പരിപാടികളിലും സ്‌കൂളുകളിലുമായി നിരവധി  വേദികളിൽ പൂതപ്പാട്ടിന്റെ ആലാപനവുമായി മോഹനനെത്തി. 25 മിനിറ്റ്‌ നീളുന്ന കവിതയുടെ വരികൾക്കൊപ്പം വശ്യമായ ആലാപനവും ചേരുന്നതിനാൽ   ആരാധകരേറെയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top