17 November Sunday

ചാലിയം ബീച്ചിൽ ശക്തമായ കടലേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ചാലിയം ബീച്ചിൽ കടലേറ്റമുണ്ടായപ്പോൾ

ഫറോക്ക്
ചാലിയം ബീച്ചിൽ ശക്തമായ കടലേറ്റം. തിരമാലകൾ ഇരച്ചുകയറി തീരത്ത്‌ താൽക്കാലികമായി ഒരുക്കിയ കടകൾ നശിച്ചു. ബുധൻ രാവിലെ ഒമ്പതോടെയാണ് തിരമാലകളുടെ തള്ളിക്കയറ്റമുണ്ടായത്‌. ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദത്തെ തുടർന്നുള്ള കള്ളക്കടൽ പ്രതിഭാസമാണ് കടലേറ്റത്തിന് കാരണം. 
കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും കള്ളക്കടൽ പ്രതിഭാസവുമുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തെയുണ്ടായിരുന്നു. തീരത്ത് റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. കടലിലെ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുകയും തിരമാലകൾ കൂടുതൽ ഉയരത്തിൽ കരയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. ഇതുവരെയും കാര്യമായ കടലേറ്റമനുഭവപ്പെടാത്ത മേഖലയാണിത്. 
വിനോദസഞ്ചാര വകുപ്പിന്റെ ‘ഓഷ്യനസ് ചാലിയം’ സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി ഇവിടെ പൂർത്തിയായി വരികയാണ്. ദിവസവും ആയിരങ്ങളെത്തുന്ന ബീച്ചിൽ തദ്ദേശവാസികൾ നിരവധി താൽക്കാലിക പെട്ടിക്കടകൾ ഒരുക്കിയിട്ടുണ്ട്. ഇവയിൽ തീരത്തോട്‌ ചേർന്നുള്ളവയിലാണ് കടൽവെള്ളം കയറിയത്. ഇവിടെ സ്ത്രീകൾ ശേഖരിച്ച് വിൽപ്പനക്കായി സൂക്ഷിച്ച കക്കത്തോടുകളും കടലെടുത്തു. പകൽസമയമായതിനാൽ കടയുടമകൾക്ക് സാധനങ്ങൾ എടുത്തുമാറ്റാനായതിനാൽ വലിയ സാമ്പത്തികനഷ്ടം ഒഴിവായി.
രാവിലെ മുതൽ ഉച്ചയ്ക്ക് ശേഷം രണ്ടുവരെയും കടലേറ്റം തുടർന്നു. തീരത്ത് തീരദേശ പൊലീസും ബേപ്പൂർ ലോക്കൽ പൊലീസും രംഗത്തുണ്ടായിരുന്നു. വരുംദിവസങ്ങളിലും സമാന സ്ഥിതിയായിരിക്കാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് കാലാവസ്ഥാവകുപ്പിന്റെയും സമുദ്രസ്ഥിതി പഠന വിഭാഗ(ഐഎൻസിഒഐഎസ്)ത്തിന്റെയും മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്കും ഇവിടേക്ക് പ്രവേശന വിലക്കുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top