കൽപ്പറ്റ
എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനംകൂടി വന്നതോടെ ജില്ലയിൽ തെരഞ്ഞെടുപ്പ് രംഗം സജീവമാവുന്നു. സിപിഐ സംസ്ഥാന കൗൺസിൽ യോഗം ചേർന്നാണ് സത്യൻ മൊകേരിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം എന്നനിലയിൽ 2019ൽ ശ്രദ്ധേയമായ മണ്ഡലം എന്നാൽ ഇത്തവണ ശ്രദ്ധേയമാവുന്നത് രാഹുൽ മണ്ഡലം ഉപേക്ഷിച്ചതിന്റെ പേരിലാണ്. വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ചശേഷം ആദ്യ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് രാഹുലിന്റെ വോട്ടർമാരോടുള്ള വഞ്ചനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റായ്‌ബറേലിയിൽ മത്സരിക്കുന്നത് വോട്ടർമാരിൽനിന്ന് മറച്ചുവച്ച് വയനാട്ടിൽ ജനവിധിതേടുകയായിരുന്നു.
2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സത്യൻ മൊകേരി ഇത്തവണ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. 2009ൽ ആണ് വയനാട് മണ്ഡലം രൂപീകരിക്കുന്നത്. ആദ്യതെരഞ്ഞെടുപ്പ് മുതൽ യുഡിഎഫ് എംപിയാണ്. 2009, 2014 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എം ഐ ഷാനവാസ് എംപിയായി. 2019ലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും രാഹുൽ വിജയിച്ചു. ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് എൽഡിഎഫ്. 2019ൽ ലഭിച്ചതിനെക്കാൾ 4.95 ശതമാനം വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിന് കുറഞ്ഞു. ഭൂരിപക്ഷത്തിൽ 67,348 വോട്ടിന്റെ കുറവുമുണ്ടായി. 2014ൽ സത്യൻ മോകേരി എൽഡിഎഫ് സ്ഥാനാർഥിയായ സമയത്ത് 20,870 വോട്ടിന് മാത്രമാണ് കോൺഗ്രസിന്റെ എം ഐ ഷാനവാസിനോട് തോറ്റത്.
മുണ്ടക്കൈ–-ചൂരൽമല ദുരന്തത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പിൽ വിഷയത്തിലെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ചർച്ചാവിഷയമാവും. സംസ്ഥാന സർക്കാർ നാടിനെ ചേർത്തുപിടിച്ചതും കേന്ദ്രം സഹായം നിഷേധിക്കുന്നതുമെല്ലാം വോട്ടർമാർക്കിടയിൽ ചർച്ചയാവും. ഉരുൾപൊട്ടി മൂന്ന് മാസത്തോട് അടുക്കുമ്പോഴും കേന്ദ്രസഹായം ലഭിച്ചിട്ടില്ല. കേന്ദ്രനിലപാടിനെതിരെ ശക്തമായി സംസാരിക്കാൻ വയനാടിനെ പ്രതിനിധീകരിച്ചിരുന്ന രാഹുൽഗാന്ധി തയ്യാറായിട്ടില്ലെന്നതും ചർച്ചയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..