കോഴിക്കോട്
റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച ശേഷം നഗരം ആതിഥേയത്വം വഹിക്കുന്ന കൗമാര കലോത്സവം 19 മുതൽ 23 വരെ നഗരത്തിലെ 20 വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ് കുമാർ അറിയിച്ചു. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടാണ് പ്രധാന വേദി. ചൊവ്വാഴ്‌ച നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതൽ 23 വരെ സ്റ്റേജ് മത്സരങ്ങൾ നടക്കും. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും.
മേളക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്എച്ച്എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക ഉയർത്തും. അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും. മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനാവും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും.
319 ഇനങ്ങളിലായി എണ്ണായിരത്തോളം മത്സരാർഥികൾ മേളയിൽ മാറ്റുരയ്‌ക്കും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ചെയർമാനായും ഡിഡിഇ സി മനോജ് കുമാർ ജനറൽ കൺവീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് കലോത്സവത്തിന് നേതൃത്വംനൽകുക.
മീഡിയ സെന്റർ 18ന് പകൽ മൂന്നിന് പോൾ കല്ലാനോട് ഉദ്‌ഘാടനംചെയ്യും. 23ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എം കെ മുനീർ എംഎൽഎ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി ഗിരീഷ് കുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഇ പി മുഹമ്മദ്, കൺവീനർ പി കെ അബ്ദുൾ സത്താർ, ഡിഡിഇ ഓഫീസ് സൂപ്രണ്ട് കെ എൻ ദീപ, പി എം മുഹമ്മദലി, എം എ സാജിദ്, എൻ പി എ കബീർ എന്നിവർ പങ്കെടുത്തു.
അരങ്ങിലെത്തും
ആദിവാസി ഗോത്രകലകൾ
മാന്വൽ പരിഷ്‌കരണത്തിന്റെ ഭാഗമായി ഇത്തവണ കലോത്സവത്തിന് ആദിവാസി ഗോത്രകലകളും. ഇരുളനൃത്തം, പാലിയനൃത്തം, പണിയനൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങൾ അരങ്ങിന് നവ്യാനുഭവമാകും. ബിഇഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിലാണ് പരിപാടികൾ അരങ്ങേറുക.
വേദികൾക്ക് മൺമറഞ്ഞ
സാഹിത്യകാരന്മാരുടെ പേര്
കോഴിക്കോട്ടുകാരായ മൺമറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളിലാണ് ഓരോ വേദിയും ഒരുക്കിയത്. 19–-ാമത് വേദിയായ ഈസ്റ്റ്‌ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ബാൻഡ് മേളം മാത്രം നടക്കുന്നതിനാൽ ഈ വേദിക്ക് പേര് നൽകിയിട്ടില്ല. വേദി 4,11 ൽ സംസ്‌കൃതോത്സവവും വേദി 17,18 ൽ അറബിക് സാഹിത്യോത്സവവും നടക്കും.
വേദി 1: എംസിസി എച്ച്‌എസ്‌എസ്: വൈക്കം മുഹമ്മദ് ബഷീർ.
വേദി 2: സാമൂതിരി സ്‌കൂൾ ഗ്രൗണ്ട്: എ ശാന്തകുമാർ.
വേദി 3: അച്യുതൻ ഗേൾസ് എച്ച്‌എസ്‌എസ്: എസ് കെ പൊറ്റെക്കാട്ട്.
വേദി 4: ഗണപത് ബോയ്‌സ് എച്ച്‌എസ്‌എസ്: പി വത്സല.
വേദി 5: സാമൂതിരി എച്ച്‌എസ്എസ് ഹാൾ: യു എ ഖാദർ.
വേദി 6: ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്‌എസ്‌എസ്: പുനത്തിൽ കുഞ്ഞബ്‌ദുള്ള.
വേദി 7: ബിഎംഎച്ച്‌എസ്‌എസ്: എൻ എൻ കക്കാട്.
വേദി 8: പ്രൊവിഡൻസ് എച്ച്‌എസ്‌എസ്: എം പി വീരേന്ദ്രകുമാർ.
വേദി 9: പ്രൊവിഡൻസ് എൽപിഎസ്: കെ ടി മുഹമ്മദ്.
വേദി 10: സെന്റ് ആഞ്ചലോസ് യുപിഎസ്: എൻ പി മുഹമ്മദ്.
വേദി 11: ഗണപത് ബോയ്‌സ് ഹാൾ: കുഞ്ഞുണ്ണി മാഷ്.
വേദി 12: ജിഎച്ച്‌എസ്‌എസ് നടക്കാവ്: ഗിരീഷ് പുത്തഞ്ചേരി.
വേദി 13: സെന്റ് ആന്റണീസ് യുപിഎസ് ജൂബിലി ഹാൾ: കടത്തനാട്ട് മാധവിയമ്മ.
വേദി 14: സെന്റ് ജോസഫ് എച്ച്‌എസ്‌എസ് ഓപ്പൺ സ്റ്റേജ്: പ്രദീപൻ പാമ്പിരികുന്ന്.
വേദി 15: ഹിമായത്തുൽ എച്ച്‌എസ്‌എസ്: എം എസ് ബാബുരാജ്.
വേദി 16: ഗവ. അച്യുതൻ എൽപിഎസ്: തിക്കോടിയൻ.
വേദി 17: എംഎം എച്ച്‌എസ്‌എസ് പരപ്പിൽ ഓഡിറ്റോറിയം: പി എം താജ്
വേദി 18: എംഎം എച്ച്‌എസ്‌എസ് പരപ്പിൽ ഹാൾ: കെ എ കൊടുങ്ങല്ലൂർ.
വേദി 19: ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ട് ഈസ്‌റ്റ്‌ഹിൽ.
വേദി 20: ബിഎംഎച്ച്‌എസ്‌എസ് ഗ്രൗണ്ട്: ടി എ റസാഖ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..