19 December Thursday
സിപിഐ എം പിന്തുണയിൽ ചേവായൂർ ബാങ്ക്‌

കോൺഗ്രസ്‌ വിമതർ നിലനിർത്തി

സ്വന്തം ലേഖകൻUpdated: Sunday Nov 17, 2024

അഡ്വ. ജി സി പ്രശാന്ത്കുമാർ

കോഴിക്കോട്‌
ചേവായൂർ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ്‌ വിമതർക്ക്‌ ഉജ്വല വിജയം. ഭരണസമിതിയിലെ 11  സീറ്റുകളിലേക്കും വൻഭൂരിപക്ഷത്തോടെയാണ്‌ ജനാധിപത്യ സംരക്ഷണസമിതി സ്ഥാനാർഥികൾ വിജയിച്ചത്‌. കെ പ്രേമരാജൻ, എം പി വാസുദേവൻ. കെ വി വിജയാനന്ദൻ, വി പി ശിവദാസൻ, പട്ടാടത്ത്‌ സുരേഷ്‌, ദൃശ്യ സുഭാഷ്‌, സ്വർണലത കോട്ടൂളി, പി ടി പവിത്രൻ, അഡ്വ. ജി സി പ്രശാന്ത്‌കുമാർ, ടി കെ ജിതിൻ ലാൽ, അശ്വതി രമേശ്‌ എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. പ്രഥമയോഗം ചേർന്ന്‌ അഡ്വ. ജി സി  പ്രശാന്ത്‌കുമാറിനെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.  പൊതുതെരഞ്ഞെടുപ്പിന്റെ ആവേശം അലതല്ലിയ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം സമ്മാനിച്ച സഹകാരികളെ സിപിഐ എമ്മും ജനാധിപത്യ സംരക്ഷണസമിതിയും അഭിവാദ്യംചെയ്‌തു.  
കഴിഞ്ഞ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസും കോൺഗ്രസ്‌ വിമതരും തമ്മിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വിമതരാണ്‌ വിജയിച്ചത്‌. ഇതേത്തുടർന്ന്‌ ജില്ലാ കോൺഗ്രസിന്‌ നേതൃത്വം നൽകുന്ന പവർ ഗ്രൂപ്പ്‌  ഒരൂകൂട്ടം സംഘടനാ പ്രവർത്തകരെയും ബാങ്ക്‌ ഡയറക്ടർമാരെയും അച്ചടക്കത്തിന്റെ വാളോങ്ങി പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ്‌  ബാങ്ക്‌ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ മത്സരിക്കാൻ വിമതർ തയ്യാറായത്‌.  നേരത്തെ വിമതരെ ഒതുക്കി, ഏകപക്ഷീയമായി സ്ഥാനാർഥി നിർണയം നടത്താൻ നിലവിലെ ഏഴ്‌ ബാങ്ക്‌ ഡയറക്ടർമാരെയാണ്‌ കോൺഗ്രസ്‌ പുറത്താക്കിയത്‌.   തുടർന്നാണ്‌ കോൺഗ്രസ്‌ വിമതർ സിപിഐ എം പിന്തുണയോടെ ജനാധിപത്യ സംരക്ഷണസമിതിയുമായി രംഗത്തെത്തിയത്‌.     
 വിജയം സുനിശ്‌ചിതമായ ഘട്ടത്തിലാണ്‌  ശനിയാഴ്‌ച നടന്ന തെരഞ്ഞെടുപ്പ്‌ അലങ്കോലമാക്കാൻ കോൺഗ്രസ്‌ ആസൂത്രിതമായി ശ്രമിച്ചത്‌.  പറയഞ്ചേരി സ്‌കൂളിൽ രാവിലെ മുതൽ വോട്ട്‌ ചെയ്യാൻ വൻതിരക്കാണ്‌ അനുഭവപ്പെട്ടത്‌. സമാധാനപൂർണമായി തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനിടെ കള്ളവോട്ട്‌ ചെയ്യാൻ ശ്രമിച്ച 14 കോൺഗ്രസ്‌ പ്രവർത്തകരെ ജനാധിപത്യ സംരക്ഷണസമിതി പ്രവർത്തകർ പിടികൂടി. കോഴിക്കോട്‌ കോർപറേഷൻ മുൻ യുഡിഎഫ്‌ കൗൺസിലർ ഷംജിത്തിനെയാണ്‌ ആദ്യം പിടികൂടിയത്‌. തുടർച്ചയായി കള്ളവോട്ട്‌ ചെയ്യാനെത്തിയ പ്രവർത്തകരെ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മിൽ കൈയാങ്കളിയായി. 
രാവിലെ മുതൽ സ്ഥലത്ത്‌ തമ്പടിച്ച എം കെ രാഘവൻ എംപിയും ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറും സംസ്ഥാന ജനറൽ സെക്രട്ടറി പി എം നിയാസ്‌, കെ ജയന്ത്‌, എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്‌, ഡിസിസി സെക്രട്ടറി നിജേഷ്‌ അരവിന്ദ്‌ എന്നിവരുമാണ്‌ അക്രമങ്ങൾക്ക്‌ കോപ്പുകൂട്ടിയതെന്ന്‌ ജനാധിപത്യ സംരക്ഷണസമിതി  ഭാരവാഹികൾ പറഞ്ഞു. പരാജയം ഉറപ്പായതോടെ വോട്ട്‌ ചെയ്യാനെത്തിയവരെ കോൺഗ്രസുകാർ തടഞ്ഞതും സംഘർഷത്തിനിടയാക്കി. 
സംഘർഷത്തിൽ സിപിഐ എം കുന്നമംഗലം ഏരിയാ സെക്രട്ടറി പി ഷൈപുവിന്‌ തലയ്‌ക്ക്‌ പരിക്കേറ്റു.  പിന്നീട്‌ പൊലീസ്‌ ലാത്തിവീശിയതോടെ ഇരുവിഭാഗവും സംയമനം പാലിച്ചു. ഉച്ചയ്‌ക്കുശേഷം തികച്ചും സമാധാനപരമായിട്ടായിരുന്നു വോട്ടെടുപ്പ്‌.   തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌ ഞായറാഴ്‌ച ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top