സ്വന്തം ലേഖിക
കോഴിക്കോട്
വയോജനങ്ങളുടെയും കിടപ്പ് രോഗികളുടെയും അതിദരിദ്രരുടെയും ക്ഷേമം ഉറപ്പാക്കാൻ കർമപദ്ധതികൾ ആവിഷ്‌കരിച്ച് കോർപറേഷന്റെ സമന്വയ ശിൽപ്പശാല. വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഓൺലൈനിലും നേരിട്ടുമായി ബന്ധപ്പെടുത്തി ഒരുമാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ശിൽപ്പശാല മുൻ മന്ത്രി തോമസ് ഐസക് ഉദ്‌ഘാടനംചെയ്‌തു.
കെയർ കേരള വെബ്‌സൈറ്റിലൂടെയാണ് സേവനം വേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുക. പ്രാദേശിക തല കൂട്ടായ്‌മയിലൂടെ അർഹരിൽ സഹായമെത്തിക്കും. വയോജനങ്ങൾക്ക് അയൽക്കൂട്ടങ്ങൾ, സ്വയം തൊഴിൽ, ബാങ്ക് എക്കൗണ്ട്, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തൽ, സീനിയർ ടാക്‌സ് തുടങ്ങിയവയും നടപ്പാക്കും.
വീടുകളിൽ ചെന്നുള്ള രോഗീ പരിചരണം, ആരോഗ്യ കേന്ദ്രങ്ങൾ ജെറിയാട്രിക് സെന്റർ, ഡിമൻഷ്യ സ്‌ക്രീനിങ്, കൗൺസലിങ്, വയോജന ക്ലബുകൾ, അദാലത്തുകൾ തുടങ്ങിയ സമഗ്ര പദ്ധതികളാണ് നടപ്പാക്കുക.
വെബ്‌സൈറ്റ് ലോഞ്ചിങ് ഉടൻ നടക്കും. 23നുള്ളിൽ വാർഡ്‌തല സമിതി രൂപീകരണവും വളന്റിയർമാരെ ഉൾപ്പെടുത്തലും നടക്കും. 21ന് പാലിയേറ്റീവ് സംവിധാനങ്ങളുടെ യോഗം, 23ന് സാമൂഹിക–-സാംസ്‌കാരിക സംഘടനാ യോഗം എന്നിവ ചേരും. വളന്റിയർ, ആശ, അങ്കണവാടി പ്രവർത്തക പരിശീലനവുമുണ്ടാകും.
വയോമിത്രം പദ്ധതി, വാതിൽപ്പടി എന്നിവ വിപുലപ്പെടുത്തൽ, കൂടുതൽ ഒപി സൗകര്യം, മുതിർന്ന പൗരന്മാർക്കുള്ള സഹായ ഉപകരണ വിതരണം എന്നിവ 15നുള്ളിൽ നടക്കും.
മേയർ ബീനാ ഫിലിപ്പ് അധ്യക്ഷയായി. അഹമ്മദ് ദേവർ കോവിൽ എംഎൽഎ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, എസ് ജയശ്രീ, ഒ പി ഷിജിന, പി സി രാജൻ, പി കെ നാസർ, സെക്രട്ടറി കെ യു ബിനി എന്നിവർ സംസാരിച്ചു. ക്ഷേമ സമിതി അധ്യക്ഷൻ പി ദിവാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. അതുൽ, ബോധിഷ് എന്നിവർ വെബ്‌സൈറ്റ് വിശദീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..