കോഴിക്കോട്> രാത്രിയിൽ നഗരത്തിലെത്തുന്ന സ്‌ത്രീകൾക്ക് സുരക്ഷിത താമസമൊരുക്കി പുതുമോടിയോടെ ‘എന്റെ കൂട്’. അടുക്കളയും അകത്ത് നിന്ന് പ്രവേശിക്കാവുന്ന ശുചിമുറികളും ഉൾപ്പെടുത്തി കൂടുതൽ സൗകര്യങ്ങളോടെയാണ് കസബ പൊലീസ് സ്‌റ്റേഷൻ പരിസരത്തെ ‘എന്റെ കൂടി’ന്റെ പ്രവർത്തനം. ഈ കേന്ദ്രത്തെ ആശ്രയിക്കുന്നവരുടെ എണ്ണവും ഉയർന്നു.
നേരത്തേ അടുക്കള ഉണ്ടായിരുന്നില്ല. ശുചിമുറി പുറത്തായതിനാലുള്ള അസൗകര്യവും ഉണ്ടായിരുന്നു. വനിതാ–- ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസമാണ് നവീകരണം പൂർത്തിയാക്കിയത്.
ഒരു ദിവസം 25 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. രാത്രി എട്ടിന് മുമ്പ് എത്തുന്നവർക്ക് രാത്രിഭക്ഷണം ഉൾപ്പെടെ ലഭിക്കും. സംസ്ഥാനത്തെ ആദ്യ രാത്രികാല അഭയകേന്ദ്രത്തിൽ തുടർച്ചയായി മൂന്ന് ദിവസം സൗജന്യമായി താമസിക്കാം. തുടക്കത്തിൽ തെരുവിൽ കഴിയുന്നവർക്കായാണ് കേന്ദ്രം ഒരുക്കിയത്. നിലവിൽ ജോലി, അഭിമുഖം, പരിപാടികൾ തുടങ്ങിയ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരാണ് കൂടുതലായും താമസിക്കുന്നത്. കേസുകളിൽ ഉൾപ്പെടുന്നവർ, നഗരത്തിൽ ഒറ്റപ്പെടുന്നവർ എന്നിവരെയും പൊലീസ് ഇവിടെ എത്തിച്ച് സുരക്ഷിത താമസം ഒരുക്കും.
നേരത്തെ ദിവസം ശരാശരി 10 പേരാണ് എത്തിയിരുന്നത്. ഇത് 30 വരെയായി. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് ജീവനക്കാരുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..