കൊയിലാണ്ടി
സിപിഐ എം സംസ്ഥാന, ജില്ലാ നേതൃത്വത്തിന് എതിരെയും പാർടിക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പാർടി വിരുദ്ധരെ തിരിച്ചറിയണമെന്നും നുണപ്രചാരണങ്ങൾക്കെതിരായി പ്രവർത്തകരും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്നും കൊയിലാണ്ടി ഏരിയാ കമ്മിറ്റി അഭ്യർഥിച്ചു. പാർടി നേതാക്കൾ അവിഹിതമായി സ്വത്ത് സമ്പാദിക്കുന്നവരും റിയൽ എസ്‌റ്റേറ്റ് മാഫിയ കൂട്ടുകെട്ടുള്ളവരും ആണെന്ന് ദൃശ്യമാധ്യമത്തിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ, പാർടിയുടെ കൊയിലാണ്ടി മുൻ ഏരിയാ സെക്രട്ടറിയും പിന്നീട് പാർടിയിൽനിന്ന് പുറത്താക്കപ്പെട്ടതുമായ എൻ വി ബാലകൃഷ്ണനാണ്.
12 വർഷംമുമ്പ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ബാലകൃഷ്ണനെ പുറത്താക്കുന്നത്. ഏരിയാ കമ്മിറ്റിയുടെ ഫണ്ടും ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണഫണ്ടും തിരിമറി നടത്തി പുറത്തുപോകേണ്ടിവന്ന ഒരാൾക്ക് അഴിമതിവിരുദ്ധ പ്രതിച്ഛായ ഉണ്ടാക്കാൻ മാധ്യമങ്ങളിൽക്കൂടി ചിലർ നടത്തുന്ന പ്രവർത്തനം അപഹാസ്യമാണ്.
സിപിഐ എം ഇരുപതാം പാർടി കോൺഗ്രസിന് മുന്നോടിയായി കൊയിലാണ്ടി ഏരിയാ സമ്മേളനം നടേരിയിൽ നടക്കുമ്പോൾ അംഗീകരിച്ച വരവുചെലവ് കണക്കുപ്രകാരം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിൽ 2,08,745 രൂപ മിച്ചമുണ്ടായിരുന്നു. പുതിയ കമ്മിറ്റി പരിശോധിച്ചപ്പോൾ അക്കൗണ്ടിലോ ഓഫീസിലോ തുക കണ്ടെത്താനായില്ല. വീണ്ടും പരിശോധിച്ചപ്പോൾ മിച്ചം 3,31,654 രൂപയാണെന്ന് കണ്ടെത്തി.
ഏരിയാ കമ്മിറ്റി ഓഫീസായ നായനാർ മന്ദിര നിർമാണത്തിന്റെ വരവുചെലവ് കണക്കിലും പിശകുണ്ടെന്ന് കണ്ടെത്തി. എൻ വി ബാലകൃഷ്ണൻ 4,34,091 രൂപ കടമുണ്ടെന്നാണ് അറിയിച്ചത്. പരിശോധനയിൽ 4,07,800 രൂപ മിച്ചമുണ്ടെന്ന് കണ്ടെത്തി. ഏരിയാ കമ്മിറ്റി കണ്ടെത്തിയ സാമ്പത്തിക ക്രമക്കേട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിൽ അന്നത്തെ ജില്ലാ കമ്മിറ്റി അംഗം ടി ദാസനെ കണക്ക് പരിശോധിക്കാൻ ചുമതലപ്പെടുത്തി. ബിൽഡിങ് ഫണ്ട് ഇനത്തിൽ 1,82,074 രൂപ ബാലകൃഷ്ണൻ തിരിച്ചടയ്ക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് സമ്മതിച്ച ബാലകൃഷ്ണൻ ആറുമാസത്തിനകം പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പുനൽകിയതിനാൽ അച്ചടക്കനടപടിയിൽനിന്ന് ഒഴിവാക്കി.പിന്നീട് ബഹ്‌റൈനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 4 പിഎം ന്യൂസ് എന്ന പത്രത്തിൽ ബാലകൃഷ്ണൻ പാർടി വിരുദ്ധ ലേഖനങ്ങൾ എഴുതുന്നതായി സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചു. ഇതിലും ഖേദം പ്രകടിപ്പിച്ച ബാലകൃഷ്ണനെ അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയാണുണ്ടായത്. നടപടി ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ നൽകിയതിനെ തുടർന്ന് കുറുവങ്ങാട് ബ്രാഞ്ചിൽ ഉൾപ്പെടുത്തി. പണം തിരിച്ചടയ്ക്കാത്തതിനാലാണ് രണ്ട് വർഷത്തിനുശേഷം പാർടി അംഗത്വത്തിൽനിന്ന് ഒഴിവാക്കിയത്. സ്വന്തം തെറ്റുകൾ മറച്ചുപിടിച്ച് സിപിഐ എം നേതാക്കൾക്കെതിരെ തെറിയഭിഷേകം നടത്തുകയും സമുന്നത നേതാവായ സി എച്ച് കണാരനെ ഇകഴ്ത്തിക്കാണിക്കുകയും തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനുവേണ്ടി കുഴലൂത്ത് നടത്തുകയും ചെയ്യുന്ന ബാലകൃഷ്‌ണന്റെ പൊയ്‌മുഖം തിരിച്ചറിയണമെന്ന് ഏരിയാ കമ്മിറ്റി അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..