കോഴിക്കോട്
കോഴിക്കോട്ടെ റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനം സംബന്ധിച്ച കേസിലെ ബാഹ്യഇടപെടൽ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആക്‌ഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ആവശ്യപ്പെട്ടു. ആക്‌ഷൻ കമ്മിറ്റിയും കുടുംബവും പരാതിപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ അന്വേഷകസംഘത്തിലും ഉൾപ്പെട്ടത് സംശയാസ്‌പദമാണെന്ന് കൂട്ടായ്‌മ ആരോപിച്ചു. അന്വേഷണത്തിൽ തുമ്പുണ്ടാകുന്നില്ലേങ്കിൽ കേസ് സിബിഐക്ക് കൈമാറണമെന്ന് കൂട്ടായ്‌മ ഉദ്‌ഘാടനംചെയ്‌ത എം കെ രാഘവൻ എംപി ആവശ്യപ്പെട്ടു. അന്വേഷണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയെ കാണുമെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ പറഞ്ഞു.
2023 ആഗസ്‌ത് 21നാണ് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ ഓഫീസിൽനിന്ന് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. സാമ്പത്തിക ഇടപാടുകളാണ് തിരോധാനത്തിന് പിന്നിലെ കാരണമായി ബന്ധുക്കൾ സംശയിക്കുന്നത്.
പ്രക്ഷോഭസമിതി ചെയർമാൻ പി രാജേഷ് കുമാർ അധ്യക്ഷനായി. മുൻ മേയർ ടി പി ദാസൻ,ഗ്രോ വാസു, എം രാജൻ, ഒ പി റഷീദ്, ഹുസൈൻ മടവൂർ, കബീർ സലാല, മുസ്‌തഫ പാലാഴി, എം എ മെഹബൂബ്, വിനീഷ് വിദ്യാധരൻ, ഡോ. കെ മൊയ്‌തു തുടങ്ങിയവർ സംസാരിച്ചു. കൺവീനർ അസ്‌ലം അഹമ്മദ് സ്വാഗതവും ടി പി എം ഹാഷിർ അലി നന്ദിയും പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്‌ച സാവകാശം
കോഴിക്കോട്
മുഹമ്മദ് ആട്ടൂർ തിരോധാനം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബവും ആക്‌ഷൻ കമ്മിറ്റിയും ഹൈക്കോടതിയിൽ നൽകിയ കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് രണ്ടാഴ്‌ച സാവകാശം തേടി. കേസ് ബുധനാഴ്‌ച പരിഗണിച്ചപ്പോഴാണ് അന്വേഷകസംഘം സാവകാശം ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും നൂറ്റിമുപ്പതോളം പേരിൽനിന്ന് മൊഴിയെടുത്തതായും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. അഡ്വ. റഫ്‌താസ് മുഖേനയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..