23 December Monday
‘ഓപ്പറേഷൻ ലൈഫ്'

മഴക്കാല
പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024
കോഴിക്കോട്  
ഹോട്ടലുകൾ ഉൾപ്പെടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങളിൽ  ഭക്ഷ്യസുരക്ഷാവകുപ്പ്‌ പരിശോധന തുടങ്ങി. ശുചിത്വ മാനദണ്ഡം പാലിക്കുന്നത്‌ ഉറപ്പാക്കാനാണ്‌ സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ആരംഭിച്ചത്‌. മഴക്കാലത്ത് ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും രോഗങ്ങൾ പടരുന്നത് തടയുകയാണ്‌ ‘ഓപ്പറേഷൻ ലൈഫ്‌’ പരിശോധനയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ എട്ട്‌ സ്ക്വാഡുകൾ ജില്ലയിൽ 191 കേന്ദ്രങ്ങൾ പരിശോധിച്ചു.  
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 11 സ്ഥാപനങ്ങളും വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാത്ത മൂന്ന്‌ സ്ഥാപനങ്ങളും അടിച്ചിടാൻ നോട്ടീസ് നൽകി. മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 22 സ്ഥാപനങ്ങൾക്ക് അപാകം പരിഹരിക്കാൻ നോട്ടീസ്‌ നൽകി. 26 സ്ഥാപനങ്ങൾക്ക് പിഴചുമത്തി.   
മൂന്ന് മാസത്തിനിടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്ത 143 സ്ഥാപനങ്ങളിൾനിന്നായി 6,42,000 രൂപ പിഴയീടാക്കി. പരിശോധന വരുംദിവസങ്ങളിലും തുടരും.
ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ് പ്രദർശിപ്പിക്കണമെന്നും മെഡിക്കൽ ഫിറ്റ്നസ് സൂക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അറിയിച്ചു. പാചകത്തിനും പാത്രം കഴുകുന്നതിനും കൈ കഴുകുന്നതിനും ഉപയോഗിക്കുന്ന വെള്ളം ആറ്‌ മാസംതോറും പരിശോധിച്ച്‌ ശുദ്ധമാണെന്ന് ഉറപ്പാക്കണം. കുടിക്കുന്നതിന്‌  ചൂടാക്കിയ വെള്ളം തണുപ്പിച്ച് നൽകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top