17 September Tuesday
തങ്കമല ക്വാറി

നിബന്ധന ലംഘിച്ചുള്ള ഖനനം ഭീഷണിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

അനധികൃത ഖനനം നടക്കുന്ന തങ്കമല പാറമടയിൽ വെള്ളം കെട്ടിനിൽക്കുന്നു

സ്വന്തം ലേഖകൻ
കൊയിലാണ്ടി 
കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന തങ്കമല ക്വാറിയിലെ നിബന്ധന ലംഘിച്ചുകൊണ്ടുള്ള ഖനനം നാടിന് ഭീഷണിയാകുന്നു. തുറയൂർ, കീഴരിയൂർ, മേപ്പയ്യൂർ പഞ്ചായത്തിലെ  ആയിരത്തോളം വീടുകളാണ്‌ നാശത്തിന്റെ വക്കിലുള്ളത്‌.  പയ്യോളി ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡും വഗാഡ്‌ കൺസ്‌ട്രക്‌ഷൻ കമ്പനിയുമാണ്‌ ഖനനം നടത്തുന്നത്‌. ഖനനത്തിനുള്ള അനുമതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ 15 മുതൽ സിപിഐ എം നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. 
63 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന തങ്കമലയിൽ ഖനനം നടത്താൻ സ്റ്റേറ്റ് ലെവൽ എൻവയോൺമെന്റ് ഇംപാക്ട്‌ അസസ്‌മെന്റ് അതോറിറ്റി പാരിസ്ഥിതികാനുമതി നൽകിയത്‌ പയ്യോളി ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡിനാണ്‌. ദേശീയപാതയുടെ പ്രവർത്തനങ്ങളുടെ ഉപകരാറുകാരായ വഗാഡ് കൺസ്ട്രക്‌ഷൻ കമ്പനി ലീസിനെടുത്ത്‌ ഖനനം തുടർന്നു.   
ക്വാറി നടത്തുമ്പോൾ പാലിക്കേണ്ട നിര്‍ദേശങ്ങൾ ഒന്നാകെ ലംഘിച്ചാണ്‌ ഇപ്പോഴുള്ള പ്രവർത്തനം. കുന്നിന് മുകളിലും തൊട്ടടുത്ത കല്ലടക്കുന്നിലും പാറ പൊടിക്കുന്ന ക്രഷറുണ്ട്‌.   
കല്ലടക്കുന്നിന് മുകളിൽ വർഷങ്ങളായുള്ള അരുവി ഗതിമാറി ഒഴുകേണ്ട അവസ്ഥയിലാണ്. ജനവാസകേന്ദ്രത്തിന്റെ തൊട്ട്‌ മുകൾഭാഗത്തായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്‌. ഇതുകാരണം പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലാണ്. രാസപദാർഥങ്ങൾ അടങ്ങിയ മലിനജലം കുറ്റ്യാടി ഇറിഗേഷൻ കനാലിലേക്ക് ഒഴുക്കി വിടുന്നതിനാൽ കിലോമീറ്ററുകളോളം വിസ്തൃതിയിൽ കുടിവെള്ളം മലിനമാകുന്നുമുണ്ട്‌.  
വീടുകളുടെ സുരക്ഷിതത്വത്തിനായി ക്വാറി ഉടമകൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. മൈനിങ്‌ തുടങ്ങുന്നതിനുമുമ്പ്‌ മലിനജലവും മാലിന്യങ്ങളും    ഒഴുകിപ്പോകുന്നതിനുള്ള കനാൽ ശൃംഖലകളും മാലിന്യം അടിയാനുള്ള കുളവും നിർമിക്കണമെന്ന വ്യവസ്ഥയും നടപ്പാക്കിയിട്ടില്ല. പ്രോജക്ട് സ്ഥലത്ത് ഗ്രീൻ ബെൽട്ടിന് നിർദേശിക്കപ്പെട്ട 11 ഇനം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സമീപ പ്രദേശത്തെ വീടുകൾ പൊടി മൂടിയിരിക്കുന്നതിനാൽ താമസയോഗ്യമല്ലാതായിട്ടുണ്ട്. നോൺ ഇലക്ട്രിക്കൽ ടെക്നോളജിക്ക് പകരം ഇലക്ട്രിക്കൽ സാങ്കേതികവിദ്യയിലാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. 
 ഖനനത്തിനുള്ള അനുമതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ 15 മുതൽ സിപിഐ എം നേതൃത്വത്തിൽ രാത്രിയും പകലുമടക്കമുള്ള അനിശ്ചിതകാല റിലേ നിരാഹാരസമരത്തിന്‌ ബഹുജന പിന്തുണയാണുള്ളത്‌. വി ഹമീദ് ചെയർമാനും പി കെ ബാബു കൺവീനറുമായുള്ള  സമിതി നേതൃത്വത്തിലാണ്‌ സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top