23 December Monday

മുക്കുപണ്ടം വച്ച് തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

സ്വർണപ്പണയ തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടിയിലെ ശാഖ

സ്വന്തം ലേഖകൻ
വടകര
ഇടപാടുകാരുടെ പണയ സ്വർണത്തിനുപകരം മുക്കുപണ്ടം വച്ച് ബാങ്ക് മാനേജർ കോടികൾ തട്ടിയ കേസ് ക്രൈംബ്രാഞ്ചിലേക്ക്. വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ  മാനേജരായിരുന്ന മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധാ ജയകുമാറാണ് 17. 20 കോടി രൂപ തട്ടിയത്. സ്ഥലം മാറ്റം ലഭിച്ച ജയകുമാറിന് പകരം ചുമതലയേറ്റ ബാങ്ക് മാനേജർ വി ഇർഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വൻ തുകയായതിനാലുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്. ഡിവൈഎസ്‌പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. 
തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയുണ്ട്. 42 അക്കൗണ്ടുകളിൽനിന്നായി 26.24 കി. ഗ്രാം സ്വർണമാണ് നഷ്ടമായത്. വടകരയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വലിയ സ്വർണത്തട്ടിപ്പ് നടന്നത്. വാർത്ത അറിഞ്ഞ് ഇടപാടുകാർ പലരും ശനിയാഴ്ചയും ബാങ്കിലെത്തി. അതിനിടെ മധാ ജയകുമാറിനെ കണ്ടെത്താൻ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വിവരങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റും പൊലീസ് ശേഖരിച്ചുവരികയാണ്. അടുത്തിടെ പ്രതി തമിഴ്നാട്ടിൽ ഹോട്ടൽ തുടങ്ങിയതും പ്രമുഖ സിനിമാതാരം ഉദ്ഘാടകയായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top