19 September Thursday
ഒപി ബഹിഷ്‌കരിച്ചു

പിജി ഡോക്ടറുടെ കൊലപാതകം: പണിമുടക്കി ഡോക്ടർമാർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ഡോക്ടർമാർക്കുനേരെയുള്ള അക്രമങ്ങൾക്കെതിരെ സംഘടിപ്പിച്ച ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ 
കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തുന്നു

കോഴിക്കോട്‌

കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ സർക്കാർ–-സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ പണിമുടക്കി. ഒപി ബഹിഷ്‌കരിച്ച ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ മാത്രമാണ്‌ സേവനം നൽകിയത്‌. പണിമുടക്ക്‌ അറിയാതെ ഒപിയിൽ ചികിത്സയ്‌ക്കെത്തിയവർക്ക്‌ മടങ്ങേണ്ടി വന്നു. അടിയന്തര ചികിത്സ വേണ്ടവർക്ക്‌ അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകി. 
കോഴിക്കോട് മെഡിക്കൽ കോളേജിൽ പിജി ഹൗസ് സർജൻ വിഭാഗത്തിന് പുറമെ ശനിയാഴ്ച മറ്റ് ഡോക്ടർമാർകൂടി സമരത്തിനിറങ്ങിയതോടെ രോഗികൾ  ദുരിതത്തിലായി. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷനാണ് പണിമുടക്കിന് നേതൃത്വം നൽകിയത്.   ഭൂരിപക്ഷം ഡോക്ടർമാരും പങ്കെടുത്തതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.
അത്യാഹിത, ഗൈനക്കോളജി വിഭാഗങ്ങളെ  സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.  പ്രധാന ശസ്ത്രക്രിയകൾ നടത്തി. അല്ലാത്തവ മാറ്റിവച്ചു.
ബീച്ച്‌  ആശുപത്രിയിൽ മുന്നൂറോളം പേർക്കാണ്‌ അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകിയത്‌. സ്‌പെഷ്യാലിറ്റി ഒപികൾ ഇല്ലാത്തതിനാൽ മുന്നൂറോളം പേർക്ക്‌ മടങ്ങേണ്ടി വന്നു. സാധാരണ, ഒപിയിൽ ദിവസം 1500 ഓളം പേരാണ്‌ ചികിത്സ തേടാറുള്ളത്‌. കോട്ടപ്പറമ്പ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 162 പേർക്ക്‌ അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകി.  നിരവധി ഗർഭിണികൾ ഒപിയില്ലാത്തതിനാൽ മടങ്ങി. ഇവിടെ ദിവസം 310 ഓളം പേരാണ്‌ എത്താറുള്ളത്‌. ഞായർ പുലർച്ചെ ആറ്‌ വരെയായിരുന്നു സമരം. 
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ  നഗരത്തിൽ പ്രതിഷേധ റാലി  നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top