22 December Sunday

ടിപ്പു സുൽത്താൻ കോട്ട കാടുകയറി നശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ഫറോക്ക് ടിപ്പു കോട്ട വളപ്പിലെത്തിയ ഗവേഷക സ്വാതിയും അച്ഛനും

ഫറോക്ക്
സംരക്ഷിത ചരിത്രസ്മാരകമായ ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട കാടുകയറി നശിക്കുന്നു. ദൂരദേശങ്ങളിൽനിന്നെത്തുന്ന ചരിത്ര വിദ്യാർഥികൾക്കും  ഗവേഷകർക്കും കോട്ടവളപ്പിൽ പ്രവേശിക്കാൻ പോലും കഴിയാത്ത വിധത്തിലാണ്‌ കാടുമൂടിയിരിക്കുന്നത്‌. കോട്ടവളപ്പിലെ മാലിന്യക്കൂമ്പാരത്തിൽനിന്നുള്ള   ദുർഗന്ധവും സഹിക്കാവുന്നതിനപ്പുറമാണ്.  
സ്വകാര്യവ്യക്തികളുടെ കൈയിലായിരുന്ന കോട്ടയിൽ സംരക്ഷിത സ്മാരകമെന്ന നിലയിൽ ഉദ്‌ഖനനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ച്‌ പലതവണ ഉദ്‌ഖനനം നടത്തുകയും നൂറ്റാണ്ടുകൾ പഴക്കമേറിയ അമൂല്യ ചരിത്ര ശേഷിപ്പുകൾ കണ്ടെടുക്കുകയും ചെയ്‌ത  കോട്ടവളപ്പിൽ തീർത്തും ആളടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടുവർഷമായി തുടർ ഖനനവും ഉണ്ടായില്ല. ഇതേ തുടർന്ന് ലക്ഷങ്ങൾ ചെലവിട്ട് പുരാവസ്തു വകുപ്പ് കോട്ടവളപ്പിൽ നടത്തിയ സംരക്ഷണ പ്രവർത്തനങ്ങളും അവതാളത്തിലായി. കോട്ടവളപ്പിലെ പുരാതന ബംഗ്ലാവ് ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലമാക്കിയതാണ് ഭക്ഷണാവശിഷ്ടങ്ങളും  മാലിന്യവും നിറഞ്ഞ് ദുർഗന്ധം പരക്കാനിടയായത്‌. 
ചൊവ്വ രാവിലെ കണ്ണൂർ പിണറായിയിൽ നിന്നെത്തിയ ഡൽഹി ജെഎൻയു  ഗവേഷണ വിദ്യാർഥിയായ സ്വാതി സുരേന്ദ്രൻ കോട്ടവളപ്പിൽ കയറാൻ ഏറെ പണിപ്പെട്ടു. രണ്ടാൾ പൊക്കത്തിൽ വളർന്ന പൊന്തക്കാടുകളും ഇഴജന്തുക്കളും കാരണം ഇവിടുത്തെ കീഴറയും ഭീമൻ കിണറും കാണാനാവില്ല. ടിപ്പു കോട്ട സംരക്ഷണ സമിതി പ്രവർത്തകരായ ഡി അബ്ദുറഹ്മാൻ, വിജയകുമാർ പൂതേരി എന്നിവരാണ് സ്വാതിയെ സഹായിച്ചത്‌.  കോട്ട വീണ്ടും നാശത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തിൽ പുരാവസ്തു വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top