23 December Monday

പൊടിപൊടിച്ചു പഴം, പച്ചക്കറി വിപണി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
സ്വന്തം ലേഖകൻ
കോഴിക്കോട് 
കൃഷിവകുപ്പ് നേതൃത്വത്തിലുള്ള പഴം, പച്ചക്കറി വിപണികളിൽ കച്ചവടം പൊടിപൊടിച്ചു. ജില്ലയിൽ വിവിധയിടങ്ങളിലായി കൃഷിവകുപ്പ്, ഹോർട്ടി കോർപ്പ്, വിഎഫ്‌പിസികെ എന്നിവര്‍ നടത്തിയ 147 ചന്തകളിലൂടെ വിൽപ്പന നടത്തിയത് 96.40 ടൺ പച്ചക്കറി. 43 ലക്ഷം രൂപ വിറ്റുവരവുണ്ടായി. ഓണക്കാലത്ത് നാല് ദിവസങ്ങളിലായി 11,270 ഉപഭോക്താക്കൾ പഴവും പച്ചക്കറിയും ചന്തകളിൽനിന്ന് വാങ്ങി. കൃഷിവകുപ്പിന് കീഴിലുള്ള 81 ക‍ൃഷി ഭവനുകളിലും ഓരോ ചന്തകൾ പ്രവർത്തിച്ചു. 71.8815 ടൺ പച്ചക്കറി വിറ്റു. 27,00,830 രൂപയാണ് വരവ്. ഹോര്‍ട്ടി കോര്‍പ്പിന്റെ 60 ചന്തകളിലായി 19.80 ടണ്‍ വിറ്റ് 13.87 ലക്ഷം നേടി. വിഎഫ്‌പിസികെ ആറ് വിപണികളിലായി 4.80 ടണ്‍ വില്‍പ്പന നടത്തി 2,20,000 വിറ്റുവരവുണ്ടായി. 
കഴിഞ്ഞവർഷത്തേതിലും ചന്തകൾ കുറവായിരുന്നു ഇത്തവണ. എന്നാൽ, കർഷകരിൽനിന്നുള്ള ശേഖരണവും വിൽപ്പനയും മികച്ചതായിരുന്നുവെന്ന് കൃഷിവകുപ്പ് വിപണന വിഭാ​ഗം അറിയിച്ചു. ജില്ലയിലെ കൃഷിഭവനുകൾ മാത്രം 687 കർഷകിൽനിന്നായി 22 ടണ്‍ പച്ചക്കറി ശേഖരിച്ചു. ഹോര്‍ട്ട്‌ കോര്‍പ്പ് വിവിധ കര്‍ഷക കൂട്ടായ്മകളില്‍നിന്നും പുറത്തുനിന്നുമായി 51 ടണ്ണും.   
കർഷകരിൽനിന്ന്‌ വിപണിവിലയുടെ 10 ശതമാനം കൂടുതൽ നൽകി ശേഖരിച്ച പച്ചക്കറി, പൊതുവിപണിയേക്കാൾ 30 ശതമാനം കുറച്ചാണ്‌ വിറ്റത്. കര്‍ഷകരുടെ പണം ഇതിനകം  നല്‍കി. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി സര്‍ക്കാരാണ് വിപണികള്‍ ആരംഭിച്ചത്. പഴം, പച്ചക്കറി വിപണികള്‍ക്ക് മികച്ച പ്രതികരണമാണ് ഉണ്ടായത്. വിലക്കുറവില്‍ ​ഗുണമേന്മയുള്ള പഴം, പച്ചക്കറി വിപണികളിലൂടെ നല്‍കാനായെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രജനി മുരളീധരന്‍ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top