05 November Tuesday

കാഴ്ചയുടെ നിറക്കൂട്ടൊരുക്കി ചേർമല

ഇ ബാലകൃഷ്ണൻUpdated: Wednesday Sep 18, 2024

പ്രവൃത്തി പുരോഗമിക്കുന്ന ചേർമല കേവ് പാർക്ക് ടൂറിസം പദ്ധതി

ഇ ബാലകൃഷ്ണൻ
പേരാമ്പ്ര
മലമുകളിൽ കാഴ്ചയുടെ വർണവിസ്മയമൊരുക്കി ചേർമലയും ടൂറിസം ഭൂപടത്തിലേക്ക്. പേരാമ്പ്ര പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ മലയാണ് ഐതിഹ്യപ്പെരുമയുള്ള ചേർമല. പ്രകൃതിദത്തവും പരിസ്ഥിതിസൗഹൃദവുമായ വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചേർമല കേവ് പാർക്ക് ടൂറിസം പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ചേർമലയിലെ  ഗുഹയും അതോടനുബന്ധിച്ചുള്ള 2.4 ഏക്കറിൽ  പാർക്കും ഉൾപ്പെടുന്നതാണ്‌ പദ്ധതി.  3.72 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതിയുടെ നിർമാണപ്രവൃത്തി  2023ൽ  മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനംചെയ്തത്. ആംഫി തിയറ്റർ, ഗാദറിങ് ഹാൾ, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടർ, സെക്യൂരിറ്റി ക്യാബിൻ, ചുറ്റുമതിൽ, കുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള പാർക്ക്, ശുചിമുറികൾ, അലങ്കാര ചെടികൾ വച്ചുപിടിപ്പിക്കൽ എന്നിവയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.  പ്രകൃതി ദത്തമായ ഗുഹയിൽ അടിഞ്ഞുകൂടിയ മണ്ണ് മാറ്റുന്ന പ്രവൃത്തി  നടന്നുവരികയാണ്. നവംബറോടെ   സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. 
ചേർമലയിൽ ഗ്ലാസ് ബ്രിഡ്‌ജ്‌ നിർമിക്കാനുള്ള നടപടിക്രമം അന്തിമഘട്ടത്തിലാണ്. സമുദ്ര നിരപ്പിൽ നിന്ന്‌ ഏറെ ഉയരത്തിലുള്ള ചേർമലയിലെത്തുന്ന സഞ്ചാരികൾകൾക്ക് കിലോമീറ്ററുകൾ അകലെയുള്ള  പ്രകൃതി ദൃശ്യങ്ങൾ  കാണാനാകും.  
പേരാമ്പ്ര ടൗണിൽനിന്ന്‌ ചാനിയംകടവ് വടകരറോഡിൽ രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ചേർമലയിലെത്താം. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ ബസ് സ്‌റ്റോപ്പിൽ ഇറങ്ങുന്നവർക്ക് ടാർറോഡിലൂടെ നടന്ന് മലകയറാം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര താലൂക്കുകളിലെ പ്രമുഖവിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, പെരുവണ്ണാമുഴി, ജാനകിക്കാട്, പയംകുറ്റിമല, ലോകനാർകാവ്,  കുഞ്ഞാലിമരയ്ക്കാർ സ്മാരകം, വെള്ളിയാങ്കല്ല്, കൊളാവിയിലെ കടലാമ കേന്ദ്രം,   കടലൂർ ലൈറ്റ് ഹൗസ്, മൂടാടി ഉരുപുണ്യകാവ്,കേരളത്തിലെ രണ്ടാമത്തെ ഡ്രൈവിങ് ബീച്ചായ കല്ലകത്ത് ബീച്ച്, അകലാപ്പുഴകണ്ടൽ പ്രദേശങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് യാഥാർഥ്യമാകുന്നതോടെ ചേർമല കേവ് ടൂറിസം പാർക്ക് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top