സ്വന്തം ലേഖകൻ
കോഴിക്കോട്
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഇത്തവണയും ഭരണചക്രം തിരിക്കാൻ കൂടുതലും വനിതകൾ തന്നെ. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നീ തദ്ദേശീയ സ്ഥാപനങ്ങളിൽ ജനസംഖ്യാ പ്രാതിനിധ്യത്തിനനുസരിച്ച് വാർഡുകളും ഡിവിഷനുകളും പുതുക്കി നിശ്ചയിച്ച സാഹചര്യത്തിലാണ് വനിതാ പ്രാതിനിധ്യം വീണ്ടും ഉയർന്നത്. ജില്ലയിൽ ആകെയുള്ള 1903 വാർഡുകളിൽ 971 ഇടങ്ങളിലും സ്‌ത്രീകളായിരിക്കും ഇക്കുറി ജനപ്രതിനിധികൾ. ഗ്രാമപഞ്ചായത്തുകളിലെ 688 വാർഡുകളെയും ബ്ലോക്ക് പഞ്ചായത്തുകളിലെ 93 ഡിവിഷനുകളെയും ജില്ലാപഞ്ചായത്തിലെ 14 ഡിവിഷനുകളെയും സ്‌ത്രീകൾ പ്രതിനിധീകരിക്കും. ഏഴ് മുനിസിപ്പാലിറ്റിയിലെ 138 ഡിവിഷനുകളെയും കോഴിക്കോട് കോർപറേഷനിലെ 38 വാർഡുകളെയും സ്‌ത്രീകൾ കാക്കും.
മുനിസിപ്പാലിറ്റികളിൽ 138, കോർപറേഷനിൽ 38
വടകര, കൊയിലാണ്ടി, പയ്യോളി, കൊടുവള്ളി, മുക്കം, രാമനാട്ടുകര, ഫറോക്ക് എന്നിങ്ങനെ ഏഴ് മുനിസിപ്പാലിറ്റികളിലെ 273 ഡിവിഷനുകളിൽ 138 എണ്ണവും സ്‌ത്രീകൾക്കായി സംവരണം ചെയ്‌തതാണ്. ഇതിൽ 11 എണ്ണം പട്ടികജാതി സ്‌ത്രീകൾക്കുള്ളതാണ്. നേരത്തെ ജില്ലയിൽ 265 ഡിവിഷനുകളാണുണ്ടായിരുന്നത്. ഇതുപ്രകാരം 133 വാർഡുകളെ സ്‌ത്രീകൾക്ക് ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട് കോർപറേഷനിൽ 75 ഡിവിഷനുകൾ 76 ആയി ഉയർന്നു. ഇതിൽ 38 ഡിവിഷനാണ് വനിതകൾക്കുള്ളത്. ഇതിൽ രണ്ടെണ്ണം പട്ടികജാതി വനിതകൾക്കാണ്.
വടകരയിൽ -48 ഡിവിഷനുകളിൽ -24ഉം കൊയിലാണ്ടിയിൽ 46ൽ 23 ഉം പയ്യോളിയിൽ 37ൽ 19 ഉം കൊടുവള്ളിയിൽ 37 ൽ 19 ഉം മുക്കത്ത് 34 ൽ 17 ഉം രാമനാട്ടുകരയിൽ 32 ൽ 16 ഉം ഫറോക്കിൽ 39 ൽ 20 ഉം സ്‌ത്രീ സംവരണമാണ്.
പഞ്ചായത്തുകളിൽ 688, ബ്ലോക്കിൽ 93,
ജില്ലാപഞ്ചായത്തിൽ 14
ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ 117 വാർഡുകളാണ് വർധിച്ചത്. ആകെ 1343 വാർഡുകൾ. ഇതിൽ പട്ടികജാതി സ്‌ത്രീസംവരണം ഉൾപ്പെടെ 688 വാർഡുകൾ ഇനി സ്‌ത്രീകളുടെ നേതൃത്വത്തിലാവും ഭരണം. ബ്ലോക്ക് പഞ്ചായത്തുകളിൽ 14 ഡിവിഷനുകൾ വർധിച്ചു. ആകെയുള്ള 183 ഡിവിഷനുകളിൽ 93ലും സ്‌ത്രീകളാവും ജനപ്രതിനിധികൾ. ജില്ലാപഞ്ചായത്തിലെ 27 ഡിവിഷനുകൾ 28 ആയി. ഇതിൽ ഒരുപട്ടികജാതി വനിത ഉൾപ്പെടെ 14 എണ്ണം സ്‌ത്രീ സംവരണമാണ്.
ബാലുശേരി, ചേളന്നൂർ, കൊടുവള്ളി, കോഴിക്കോട്, കുന്നമംഗലം, കുന്നുമ്മൽ, മേലടി, പന്തലായനി, പേരാമ്പ്ര, തോടന്നൂർ, തൂണേരി, വടകര എന്നീ 12 ബ്ലോക്ക് പഞ്ചായത്തുകളും 70 ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിൽ ചേളന്നൂരിലും തൂണേരിയിലും രണ്ട് ഡിവിഷനുകളും മറ്റിടങ്ങളിൽ ഒരുഡിവിഷനുമാണ് ഉയർന്നത്. നേരെത്തെ 85 ഡിവിഷനുകളാണ് സ്‌ത്രീകൾക്കായി സംവരണം ചെയ്‌തതെങ്കിൽ പുതിയ കണക്കുപ്രകാരം ഇത് 93 ആയി ഉയരും. വടകര, കുന്നുമ്മൽ, തോടന്നൂർ, മേലടി, പേരാമ്പ്ര, പന്തലായനി, കോഴിക്കോട് ബ്ലോക്കുകളിൽ ഏഴും തൂണേരി, ബാലുശേരി, ചേളന്നൂർ എന്നിവിടങ്ങളിൽ എട്ടും കൊടുവള്ളി, കുന്നമംഗലം എന്നിവിടങ്ങളിൽ 10 ഡിവിഷനുകളും സ്‌ത്രീകൾക്കുള്ളതാണ്.
70 ഗ്രാമപഞ്ചായത്തുകളിൽ നിലവിലുള്ള 1226 വാർഡുകളാണ് 1343 വാർഡുകളായി പുതുക്കി നിശ്ചയിച്ചത്. ഇതിൽ 688 വാർഡുകളും സ്‌ത്രീകൾക്കാണ്. 38 എണ്ണം പട്ടികജാതി സ്‌ത്രീകൾക്കായി സംവരണം ചെയ്‌തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..