കോഴിക്കോട്
ജങ്ഷനുകളിൽ വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോകാൻ വിദേശരാജ്യങ്ങളിലെ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട് വരുന്നു. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപാസും നിർദിഷ്ട പാലക്കാട്-–- കോഴിക്കോട് ഗ്രീൻഫീൽഡ് പാതയും കൂട്ടിമുട്ടുന്ന പന്തീരാങ്കാവിനടുത്ത് ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് പണിയുന്നത്. പദ്ധതിയുടെ ടെൻഡർ ക്ഷണിച്ചു.
ഒരു ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് മറ്റുവാഹനങ്ങളെ മറികടക്കാതെ ഏതുഭാഗത്തേക്കും പോവാൻ കഴിയുമെന്നതാണ് പ്രത്യേകത. മേൽപ്പാലങ്ങളിലൂടെയാണ് വാഹനങ്ങൾ മറുപുറം കടക്കുക. ഇരിങ്ങല്ലൂരിൽ നാല് ചെറിയ മേൽപ്പാലങ്ങളും ഒരു വലിയ മേൽപ്പാലവും വരും. കോഴിക്കോട് ബൈപാസിലാണ് വലിയ മേൽപ്പാലമുണ്ടാവുക.
ബൈപാസിൽ ഇരിങ്ങല്ലൂരിനും അഴിഞ്ഞിലത്തിനുമിടയിലാണ് പുതിയ പാലക്കാട്–- -കോഴിക്കോട് ദേശീയപാത ചെന്നുമുട്ടുക. ഇതിന്റെ സർവേ നടപടി പൂർത്തിയായി. സ്ഥലമെടുപ്പ് നടപടികളിലേക്ക് കടന്നു. ഇതിനുമുമ്പുതന്നെ ട്രമ്പറ്റ് കവലയുടെ ഭാഗമായുള്ള ഭാഗത്ത് ടെൻഡർ നടപടി തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..