കോഴിക്കോട്
ഓട്ടോറിക്ഷ ഓടിക്കുന്ന കാക്കിക്കുപ്പായമിട്ട സ്ത്രീകൾക്ക് രാജ്യാന്തര സഹകരണസമ്മേളനത്തിൽ എന്തുകാര്യം? അക്കാദമിക് വിദഗ്‌ധരുടെയും സഹകാരികളുടെയും കൗതുകം നീണ്ടുനിന്നില്ല. യൂറോപ്പിലും ഏഷ്യ-പസഫിക് രാജ്യങ്ങളിലുംനിന്നുള്ള പ്രതിനിധികൾക്കുമുന്നിൽ വിഷയം ഗംഭീരമായി അവതരിപ്പിച്ച് അവർ കൈയടി നേടി. ചെന്നൈയിൽനിന്നുള്ള വീര പെൺകൾ മുന്നേറ്റ സംഘം (വിപിഎംഎസ്) എന്ന വനിതാ സഹകരണസംഘം പ്രവർത്തകരാണ് ഐഐഎമ്മിൽ നടക്കുന്ന സഹകരണസമ്മേളനത്തിൽ വിസ്‌മയാദരം വിടർത്തിയത്. ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണസമ്മേളനത്തിൽ സഹകരണരംഗത്തെ നൂതനാശയങ്ങൾ മാറ്റുരച്ച കോപ് പിച്ച് 2024- വേദിയിലായിരുന്നു പെൺകൂട്ടായ്മയുടെ അവതരണം.
“ഞങ്ങളിൽ പലർക്കും സ്വന്തം ഓട്ടോറിക്ഷ ഇല്ല. അവർക്ക് റിക്ഷ വാങ്ങണം. ആർക്കും പിഎഫും ഇൻഷുറൻസും ഒന്നുമില്ല . പൊതുഇടത്തിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. അതിനെല്ലാം പരിഹാരം ഉണ്ടാക്കുകയാണ് ഞങ്ങൾ.” ഇതിനകം 400 വനിതാ ഓട്ടോ ഡ്രൈവർമാർ അംഗങ്ങളായ സഹകരണസംഘത്തിലൂടെ നേടാനൊരുങ്ങുന്ന ലക്ഷ്യങ്ങൾ സംഘം പ്രസിഡന്റ് മോഹനസുന്ദരി വിവരിച്ചു.
ഓട്ടോ ഇല്ലാത്തവർക്ക് നടത്തിപ്പുചെലവ് കുറഞ്ഞ വൈദ്യുതി ഓട്ടോകൾ ലഭ്യമാക്കാൻ കോർപ്പറേറ്റുകളുടെ സാമൂഹികസേവനനിധിയാണ് ഇവർ ലക്ഷ്യമിടുന്നത്. “അസുഖം വന്ന് ജോലിക്കുപോകാൻ പറ്റാതെവന്നാൽ ഇന്ന് അവധിയും വേതനവും ഉണ്ട്. അപകടമുണ്ടായാൽ ചികിത്സാസഹായം നൽകും. മരണം സംഭവിച്ചാൽ മരണാന്തരച്ചെലവുകൾ സംഘം വഹിക്കും.” മനോഹരമായ തമിഴിൽ മോഹന സുന്ദരി കാര്യങ്ങൾ അവതരിപ്പിച്ചു.
വീര പെൺകൾ മുന്നേറ്റ സംഘം ഓട്ടോകളിൽ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പുനൽകുന്നു. സ്കൂൾ കുട്ടികളെ സ്കൂളിലും തിരിച്ച് വീട്ടിലും സുരക്ഷിതരായി എത്തിക്കുന്നു. നഗരത്തിലെ പാഴ്സൽ, സാധന വിതരണത്തിലും ഈ സഹകാരികളുടെ ഓട്ടോറിക്ഷകൾ സജീവം. സംഘം ട്രഷറർ ലീലാറാണി, വൈസ് പ്രസിഡന്റ് സംഗീത, ടീമംഗം ദിവ്യ എന്നിവരും സമ്മേളനത്തിനെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..