കോഴിക്കോട്
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സെന്റർ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഐഇആർ) മുഖാന്തരം കണ്ടെത്തി നൽകി മികവുകാട്ടുകയാണ് കോഴിക്കോട് ടൗൺ പൊലീസ്. ഒരുവർഷത്തിനിടെ ടൗൺ പൊലീസ് ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകൾക്ക് കീഴിൽ മോഷണം പോയതും നഷ്ടപ്പെട്ടതുമായ 250 ഓളം ഫോണുകളാണ് ഇത്തരത്തിൽ കണ്ടെത്തിത്. 26 ഫോണുകൾ കഴിഞ്ഞ ദിവസം ടൗൺ എസിപി ടി കെ അഷ്റഫ് ഉടമകൾക്ക് കൈമാറി.
സിഐഇആറിൽ രജിസ്റ്റർചെയ്താൽ നഷ്ടപ്പെട്ട മൊബൈൽഫോണുകൾ ഏതുതരത്തിൽ ഉപയോഗിച്ചാലും കണ്ടുപിടിക്കാൻ സാധിക്കും. റിപ്പോർട്ടുചെയ്യുന്നതിന് നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ സ്മാർട്ട് ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന സിം കാർഡുകളുടെ മൊബൈൽ നമ്പർ, 15 അക്ക ഐഎംഇഐ നമ്പർ നമ്പർ, ഇൻവോയ്‌സ് തുടങ്ങിയവ ആവശ്യമാണ്. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് പൊലീസ് പരാതിയുടെ ഡിജിറ്റൽ പകർപ്പും വേണം.അതുകൊണ്ട് പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയാൽ കണ്ടെത്തൽ വേഗത്തിലാകും. അപേക്ഷ നൽകിയാൽ റിക്വസ്റ്റ് ഐഡി ലഭിക്കും. ഇതുപയോഗിച്ച് ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പായോ എന്ന് പരിശോധിക്കാം.
പൊലീസ് ഫോൺ പിന്തുടർന്ന് കണ്ടെത്തി നിലവിൽ ഉപയോഗിക്കുന്ന ആളെയാണ് വിവരം അറിയിക്കുക. വിളി സ്റ്റേഷനിൽനിന്നാകുന്നതോടെ ഭൂരിപക്ഷം പേരും ഫോൺ പൊലീസിനു തിരിച്ചുനൽകും. പലതും മോഷ്ടാക്കൾ തന്നെ സ്‌റ്റേഷനിൽ അയച്ചുനൽകുന്നുമുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ 3527 പരാതിയാണ് രജിസ്റ്റർചെയ്തത്. ഇതിൽ 926 ഫോണുകൾ പൊലീസ് പിന്തുടരുന്നുണ്ട്. 600 ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..