ഫറോക്ക്
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ നാലാം പതിപ്പിനെ വരവേൽക്കാൻ അടിമുടി മാറി ചാലിയം ബീച്ച്. ഡിസംബർ 27, 28, 29 തീയതികളിലാണ് ജലോത്സവം. ഇതിന് മുന്നോടിയായി വിദേശ ബീച്ചുകൾക്ക് സമാനമായാണ് പ്രകൃതി സൗഹൃദമായി ചരിത്ര പ്രാധാന്യമുള്ള തീരം നവീകരിച്ചത്.
വിനോദസഞ്ചാര വകുപ്പിന്റെ മാതൃക ബീച്ച് ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "ഓഷ്യനസ് ചാലിയം’ പദ്ധതിയും ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ഫെസ്‌റ്റിന്റെ രണ്ടാം വേദിയാണ് ചാലിയം.
രാജ്യാന്തര നിലവാരത്തിലുള്ള ബീച്ച് ടൂറിസം കേന്ദ്രമാക്കാനായി ഇവിടെ 9.5 കോടി രൂപ ചെലവിട്ട് വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. പദ്ധതികളുടെ ഉദ്ഘാടനത്തിന് മുമ്പേ നിത്യവും ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്.
കടലും പുഴയും കൈകോർക്കുന്ന തീരത്തുനിന്ന് കടലിനൊപ്പം നടക്കാവുന്ന ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ടിലും പൂട്ടുകട്ട പാകിയ ബീച്ച് യാർഡിലും അലങ്കാര വെളിച്ചവും ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും ഫുഡ് കഫെകളും ഒരുങ്ങി. 14 ബാംബു കിയോസ്‌കുകൾ, ബാംബു റെസ്റ്റോറന്റ്, ഓവർഹെഡ് വാട്ടർ ടാങ്ക്, രണ്ട് കണ്ടെയ്നർ ടോയ്‌ലറ്റ് ബ്ലോക്ക്, 26 ബീച്ച് അംബ്രല്ലകൾ, 10 ബാംബു ചെയറുകൾ, വാച്ച് ടവർ, ഇലക്ട്രിക്കൽ കണ്ടെയ്നർ എന്നിവയും സജ്ജം.
തീരത്തേക്കുള്ള ആർച്ച് കവാടം അവസാന മിനുക്കുപണികളിലാണ്.
കോഴിക്കോട് നഗരത്തിൽനിന്ന് വരുന്നവർക്ക് ബേപ്പൂർ വഴി ജങ്കാർ കടന്നും ഫറോക്ക് വഴിയും ചാലിയത്ത് എത്താം. മലപ്പുറം ജില്ലയിൽനിന്ന് കോട്ടക്കടവ്, കടലുണ്ടിക്കടവ് വഴിയും ട്രെയിനിൽ ഫറോക്ക്, കടലുണ്ടി സ്റ്റേഷനുകളിലിറങ്ങിയും എത്താനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..