വടകര
മലയാളത്തിലെ വിഖ്യാത നോവലുകൾക്ക് ചിത്രപരമ്പരയൊരുക്കിയ വൈക്കം ഡി മനോജ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകൾ നോവലിന് ഫോട്ടോഗ്രാഫിയുടെ മാസ്മരികത തീർക്കുന്നു. വടകരയിൽ തിങ്കൾ വൈകിട്ട് അഞ്ചിന് നടക്കുന്ന പുനത്തിൽ സ്മൃതിദിനത്തിൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന പുസ്തകം എഴുത്തുകാരായ ടി പത്മനാഭനും എം മുകുന്ദനും പ്രകാശിപ്പിക്കും. എഴുത്തുകാരൻ ജീവിച്ച ദേശത്തിന്റെ കാഴ്ചകളെയും നോവലുകളിലെ മുഹൂർത്തങ്ങളെയും സ്ഥലകാലങ്ങളെയും ഫോട്ടോഗ്രാഫിയിലൂടെ പകർത്തിവയ്ക്കുന്ന രീതിയാണിത്. നോവലുകളിലെ പുഴയും മലയും കെട്ടിടങ്ങളും ആരാധനാലയങ്ങളുമെല്ലാം വായനക്രമത്തിലൂടെ ഫോട്ടോ അനുഭവമാകും. സാഹിത്യ ഫോട്ടോഗ്രാഫി എന്ന നൂതന സങ്കേതത്തിലൂടെ നിരവധി പുസ്തകങ്ങൾ ഇതിനകം പുറത്തിറങ്ങി. എംടിയുടെ നാലുകെട്ട്, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ തുടങ്ങിയ നോവലുകളുടെ ചിത്രഭാഷ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകളിലെ വേറിട്ട ഭൂമികയായ ഗോസായിക്കുന്നിന്റെ അവിസ്മരണീയത ഉൾപ്പെടെ ചിത്രപരമ്പരയിൽ തിളങ്ങിനിൽക്കുന്നു. രണ്ടുവർഷത്തിലേറെയുള്ള അന്വേഷണത്തിലൂടെയാണ് ചിത്രപരമ്പര ഒരുക്കിയത്. എഴുത്തുകാരന്റെ അക്ഷരോർമകളെ ചിത്രങ്ങളിലൂടെ വീണ്ടെടുപ്പ് നടത്തുകയാണ് ഈ കലാകാരൻ. ‘ഗോസായിക്കുന്നിലെ സ്മാരക ശിലകൾ ' എന്ന പുസ്തകത്തിന് പി കെ രാജശേഖരന്റേതാണ് അവതാരിക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..