27 December Friday

ഹര്‍ത്താല്‍ ജനം തള്ളി; 
പ്രകോപിതരായി കോണ്‍​ഗ്രസുകാര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

 

കോഴിക്കോട് 
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കോൺ​ഗ്രസ് ജില്ലയിൽ നടത്തിയ ഹർത്താല്‍ ജനം തള്ളിയതോടെ പ്രകോപിതരായി പ്രവര്‍ത്തകര്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ന​ഗര–- ​ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും കടകള്‍ തുറന്നു.  ഗതാഗതവും സാധാരണ നിലയിലായിരുന്നു.  ഇതില്‍ പ്രകോപിതരായാണ് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ഞായറാഴ്ച  പതിവിലും കൂടുതല്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി പതിവുപോലെ സര്‍വീസ് നടത്തി.  റെയില്‍വേ സ്റ്റേഷനിലും പരിസരത്തും ഓട്ടോകള്‍ സജീവമായി നിരത്തിലിറങ്ങി.  
വടകരയിൽ കടകൾ അടപ്പിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.അഞ്ചുവിളക്കിന് സമീപത്തെ ബേക്കറിയും എടോടിയിലെ സൂപ്പർ മാർക്കറ്റും അടപ്പിക്കാനായിരുന്നു ശ്രമം. ഇത് വ്യാപാരികൾ ചോദ്യംചെയ്തതോടെ വാക്കേറ്റമായി. ബേക്കറിയുടെ ഷട്ടർ താഴ്ത്താനും കോൺഗ്രസ് പതാക കെട്ടാനും ശ്രമം നടന്നു. പൊലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
ചേവായൂര്‍ ബാങ്കിന് ശാഖകളുള്ള ചേവായൂര്‍, പാറോപ്പടി, കോട്ടൂളി, കോവൂര്‍, പറയഞ്ചേരി തുടങ്ങിയ ഇടങ്ങളില്‍പോലും ഹര്‍ത്താലിനെ ജനങ്ങള്‍ അനൂകൂലിച്ചില്ല. 
ബേപ്പൂർ, ഫറോക്ക്, രാമനാട്ടുകര, പന്തീരാങ്കാവ്, മാങ്കാവ്, കുന്നമം​ഗലം, പെരുമണ്ണ മേഖലയിൽ ജനജീവിതം സാധാരണനിലയിലായിരുന്നു. എല്ലായിടത്തും കടകളും ഹോട്ടലുകളും തുറന്നു. അക്രമത്തിൽ നടക്കാവ് സ്റ്റേഷനില്‍ അമ്പതോളംപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മെ‍ഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ മൂന്ന് പേരെ കരുതല്‍ തടങ്കലിലും വച്ചിരുന്നു.  
അടപ്പിച്ച കട 
പ്രവര്‍ത്തകര്‍തന്നെ 
തുറപ്പിച്ചു 
മാനാഞ്ചിറയില്‍ സിഎസ്ഐ പള്ളിക്ക് സമീപത്തെ ‍ഡ്രൈ ഫ്രൂട്ട് കട ബലം പ്രയോ​ഗിച്ച് പ്രവര്‍ത്തകര്‍ അടപ്പിച്ചു. ശീതളപാനീയം സൂക്ഷിക്കുന്ന ഫ്രീസര്‍  പുറത്തുവച്ചതിന് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയാണ് കട അടപ്പിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനായി ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാര്‍ ഇവിടെ തങ്ങി. ആ സമയത്ത്  അടപ്പിച്ചവരെത്തിത്തന്നെ കട തുറപ്പിച്ചു. വെള്ളവും ശീതളപാനീയങ്ങളും വാങ്ങി വിതരണംചെയ്തു. എല്ലാവരും ​ദാഹംമാറ്റി എന്ന് ഉറപ്പിച്ചശേഷം വീണ്ടും കട അടപ്പിച്ചു.  
പ്രവര്‍ത്തകര്‍ 
വന്നതും പോയതും 
വാഹനങ്ങളില്‍ 
ഹര്‍ത്താലില്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസ് പരിസരത്ത് എത്തിയതും പ്രകടനത്തില്‍ പങ്കെടുത്ത് മടങ്ങിയതും സ്വന്തം വാഹനങ്ങളില്‍. 
പൊതുജനങ്ങളെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ടായിരുന്നു പ്രഹസനം. വിവിധയിടങ്ങളില്‍നിന്ന്‌ നഗരത്തിലേക്കെത്താനും പ്രത്യേകം വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു.  
മുക്കത്ത്‌ 
വ്യാപക അക്രമം
മുക്കത്ത് കോൺഗ്രസ്‌ പ്രവർത്തകർ  കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ജീവനക്കാരേയും യാത്രക്കാരേയും ഭീഷണിപ്പെടുത്തി. ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ബസ് യാത്രികനായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി അബ്ദുൽ ജലീലിനെ പിടിച്ചിറക്കി അക്രമിച്ചു. നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി ബസിന് പുറത്തുനിന്ന് കൊടികെട്ടിയ വടി കൊണ്ട് അബ്ദുൽജലീലിനെ ആക്രമിച്ചു. പരിക്കേറ്റ ഇയാളെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    വടി കൊണ്ടുള്ള കുത്തേറ്റ്‌ യാത്രക്കാരിയായ കുട്ടിയുടെ കൈക്കും പരിക്കേറ്റു. 
നഗരത്തിൽ മാരകായുധങ്ങളുമായെത്തി പ്രവർത്തകർ കടകൾ അടപ്പിച്ചു. മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആൾക്ക് ഭക്ഷണവുമായി പോയ കാർ തടഞ്ഞുനിർത്തി കാറ്റൊഴിച്ച് വിട്ടു. അക്രമങ്ങളിൽ മുക്കം പൊലീസ് 25 പേര്‍ക്കെതിരെ കേസെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top