കോഴിക്കോട്
കൊലവിളി നടത്തിയും കള്ളം പ്രചരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച കെപിസിസി പ്രസിഡന്റിനും കൂട്ടാളികൾക്കും ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകാരികൾ നൽകിയത് ചുട്ട മറുപടി. എട്ടായിരത്തിലേറെ പേർ വോട്ട് ചെയ്‌ത തെരഞ്ഞെടുപ്പിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതർ 1600 വോട്ടോളം ഭൂരിപക്ഷവുമായി ജയിച്ചത് ഡിസിസി നേതൃത്വത്തിന്റെ നെറികെട്ട നീക്കങ്ങൾക്കുള്ള തിരിച്ചടിയായി.
എല്ലാം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന ഡിസിസി പ്രസിഡന്റിന്റെ ‘പവർ ഗ്രൂപ്പി’നേറ്റ പ്രഹരമാണ് ജനാധിപത്യ സംരക്ഷണ മുന്നണി നേടിയ വമ്പൻ ജയമെന്ന് വിമതരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണയും കോൺഗ്രസിൽനിന്ന് രണ്ട് പാനൽ മത്സരത്തിനുണ്ടായിരുന്നു. ആറായിരത്തോളം പേർ വോട്ട് രേഖപ്പെടുത്തിയ ആ തെരഞ്ഞെടുപ്പിൽ മൂവായിരത്തോളം വോട്ട് നേടിയാണ് അഡ്വ. ജി സി പ്രശാന്ത് കുമാറിന്റെ പാനൽ വിജയിച്ചത്.
എന്നാൽ, ഡിസിസി നേതൃത്വത്തിന്റെ അഴിമതിക്ക് കൂട്ടുനിൽക്കാതിരുന്നതൊടെ ബാങ്ക് പ്രസിഡന്റ് ജി സി പ്രശാന്ത് കുമാർ ഉൾപ്പെടെയുള്ള ഏഴ് ഡയറക്‌ടർമാർ നേതൃത്വത്തിന് അനഭിമതരായി. തുടർന്ന് ഇവർക്കെതിരെ ഡിസിസി നേതൃത്വം അച്ചടക്കത്തിന്റെ വാളോങ്ങി. ഏകപക്ഷീയമായ ഈ നിലപാടിൽ പ്രതിഷേധിച്ച് വിമതർ മത്സരത്തിന് ഒരുങ്ങിയപ്പോൾ സഹകാരികളും ബാങ്കിനെ സ്‌നേഹിക്കുന്നവരും രംഗത്തെത്തുകയായിരുന്നു.
ബാങ്കിൽ മൂവായിരത്തിലേറെ വോട്ടുള്ള കോൺഗ്രസ് വിമതർ സിപിഐ എം പിന്തുണയോടെ ജനാധിപത്യ സംരക്ഷണസമിതിയുമുണ്ടാക്കി. നാലായിരത്തോളം വോട്ടുള്ള സിപിഐ എമ്മിന്റെകൂടി പിന്തുണ ലഭിച്ചതോടെ ഈ പാനലിന്റെ വിജയം ഉറപ്പായി. ഇതോടെ വിറളിപൂണ്ട ഡിസിസി നേതൃത്വം കെപിസിസി പ്രസിഡന്റിനെ കോഴിക്കോട് എത്തിച്ച് ഭീഷണി മുഴക്കി.
ജീവൻ വേണമെങ്കിൽ ഔദ്യോഗിക പാനലിനുവോട്ടുചെയ്യണമെന്നായിരുന്നു കൊലവിളി. ഇതിനുപുറമെ കള്ള പ്രചാരണവും നടത്തി. ശനിയാഴ്‌ച തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ നടത്തിയ ആസൂത്രിത ശ്രമവും പാളി. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച 14 കോൺഗ്രസുകാർ കൈയോടെ പിടിക്കപ്പെട്ടു. എന്നാൽ ഇതിനെയെല്ലാം കോൺഗ്രസുകാർ ഉൾപ്പെടെ തള്ളിക്കളഞ്ഞെന്ന് തെളിയിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..