22 December Sunday

കോഴിക്കോട്‌ നഗരത്തിൽ കോൺഗ്രസ്‌ അഴിഞ്ഞാട്ടം

സ്വന്തം ലേഖകൻUpdated: Monday Nov 18, 2024

 

 
കോഴിക്കോട്‌
ഞായറാഴ്‌ച ഹർത്താലിന്റെ മറവിൽ നഗരത്തിൽ കോൺഗ്രസ്‌ അഴിഞ്ഞാട്ടം. ചേവായൂർ സഹകരണബാങ്ക്‌ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്‌  കോൺഗ്രസ്‌ ഹർത്താലിന്‌ ആഹ്വാനംചെയ്‌തത്‌.   ഹർത്താൽ പൊതുസമൂഹം തള്ളിയതിന്റെ ജാള്യം മറയ്ക്കാൻ  മറ്റ്  സ്ഥലങ്ങളിൽ നിന്നും  പ്രവർത്തകരെ നഗരത്തിലെത്തിച്ച്‌ സംഘർഷം സൃഷ്‌ടിക്കുകയായിരുന്നു.  അക്രമത്തിൽ ഒരു പൊലീസുകാരന്‌ പരിക്കേറ്റു. ഗതാഗതം  തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമെതിരെ കണ്ടാലറിയുന്ന 50 പേർക്കെതിരെ നടക്കാവ്‌ പൊലീസ്‌ കേസെടുത്തു.   അക്രമം കൈവിട്ടുപോവുമെന്ന ഘട്ടം വന്നപ്പോൾ സിഎസ്‌ഐ ജങ്‌ഷനിൽ പ്രതിഷേധം  അവസാനിപ്പിക്കുകയായിരുന്നു.  
ഞായറാഴ്‌ച രാവിലെ കോൺഗ്രസ്‌ പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തോടെയായിരുന്നു അക്രമത്തിന്റെ തുടക്കം.  ദീർഘദൂര ബസുകളും സിറ്റി ബസുകളും തടഞ്ഞിട്ട്‌ ഡ്രൈവർമാരെ കൈയേറ്റംചെയ്‌തു.    കടകൾ ബലം പ്രയോഗിച്ച്‌ അടപ്പിച്ചു. കടകൾക്ക്‌ മുന്നിലെ ഫർണിച്ചറും  മറ്റു സാധനങ്ങളും അടിച്ചുതകർത്തു.  ചിലയിടങ്ങളിൽ വാഹനങ്ങളുടെ കാറ്റൊഴിച്ചുവിട്ടു. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കുമെന്ന്‌ അറിയിച്ചെങ്കിലും ആരെയും വെറുതെവിട്ടില്ല.  പൊലീസിനെ പ്രകോപിക്കുന്നതിനായി കേട്ടാലറയ്‌ക്കുന്ന രീതിയിലായിരുന്നു മുദ്രാവാക്യം വിളി. പ്രകടനം ക്രിസ്‌ത്യൻ കോളേജിന്‌ മുന്നിലെത്തിയപ്പോഴേക്കും പൊലീസുമായി തട്ടിക്കയറി.  പ്രകടനം മൊഫ്യൂസിൽ  ബസ്‌സ്‌റ്റാൻഡിലെത്തിയപ്പോഴേക്കും തെരുവുയുദ്ധമായി. തട്ടുകടകൾപോലും അടപ്പിച്ചു. 
ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ, ഡിസിസി സെക്രട്ടറി നിജേഷ്‌ അരവിന്ദ്‌, ദിനേശ്‌ പെരുമണ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.  ഹർത്താലുമായി സഹകരിക്കില്ലെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചതിനെ തുടർന്ന്‌  ഹോട്ടലുകളും ജ്വല്ലറികളും വസ്‌ത്രവ്യാപാര സ്ഥാപനങ്ങളും തുറന്നിരുന്നു. ഇതെല്ലാം പ്രവർത്തകർ അടപ്പിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ്‌ വ്യാപാരികളും പ്രതിഷേധക്കാരും തമ്മിൽ കൈയാങ്കളി ഒഴിവായത്‌. ഹർത്താൽ അവഗണിച്ച്‌ കടകൾ തുറന്നവരെ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി അഭിനന്ദിച്ചു. 
30ന്‌ കമീഷണർ 
ഓഫീസ്‌ മാർച്ച്‌
‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ 30ന് പൊലിസ്‌ കമീഷണർ ഓഫീസ്‌ മാർച്ച്‌ നടത്തുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ കെ പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി ഡി സതീശൻ, കെ സുധാകരൻ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top