ഫറോക്ക്
വിദേശ ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമാനമായി ഒരുങ്ങി "ഓഷ്യനസ് ചാലിയം’ മാതൃക ബീച്ച് ടൂറിസം കേന്ദ്രം. 23 ന് വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
കടലും ചാലിയാറും ഒന്നിക്കുന്ന തീരത്ത് കടലിനൊപ്പം നടക്കാവുന്ന ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ടിലും വിശാലമായ ബീച്ച് യാർഡിലും അലങ്കാര വെളിച്ചവും ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും ഫുഡ് കഫെകളും ഒരുങ്ങി. 14 ബാംബു കിയോസ്‌കുകൾ, ബാംബു റെസ്റ്റോറന്റ്, ഓവർഹെഡ് വാട്ടർ ടാങ്ക്, രണ്ട് കണ്ടെയ്നർ ടോയ്‌ലറ്റ് ബ്ലോക്ക്, 26 ബീച്ച് അംബ്രല്ലകൾ,10 ബാംബു ചെയറുകൾ, വാച്ച് ടവർ തുടങ്ങിയവയും മനോഹരമായ ആർച്ച് കവാടവും തയ്യാറാക്കിയിട്ടുണ്ട്.
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം വേദി കൂടിയായ ചാലിയം ബീച്ചിൽ 9. 53 കോടി രൂപ ചെലവിട്ടാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാക്കി മാറ്റിയത്. മണ്ണടിഞ്ഞും കടലിൽനിന്ന് മരവും മാലിന്യവും വന്നടിഞ്ഞും ശോചനീയാവസ്ഥയിലായ ചാലിയം തീരത്തെ പരിസ്ഥിതി സൗഹൃദമായി പരിവർത്തിപ്പിച്ചാണ് പ്രധാന ബീച്ച് ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിച്ചത്. വികസന പ്രവൃത്തികൾ പൂർത്തിയാവും മുമ്പ് തന്നെ വിനോദ സഞ്ചാരികളുടെ ഒഴുക്കാരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..