ഫറോക്ക്
ബേപ്പൂർ കക്കാടത്ത് ഉരുപ്പണിശാലയിൽനിന്നും ഒരു ഉരുകൂടി നീറ്റിലേക്ക്. കഴിഞ്ഞ മാസാവസാനം പണിതീർത്ത രണ്ടാമത് ഉരുവാണ് പരമ്പരാഗത ചടങ്ങുകളോടെ നീറ്റിലിറക്കൽ ആരംഭിച്ചത്. ഞായറാഴ്ചയോടെ ഈ ആഡംബര ജലനൗക വെള്ളത്തിലിറക്കാനായേക്കും. കസ്റ്റംസ്, എമിഗ്രേഷൻ നടപടി പൂർത്തിയാക്കി താമസിയാതെ അറേബ്യയിലേക്ക് കുതിക്കും. കൂടുതൽ രാജകീയ സൗകര്യം ഒരുക്കിയാകും ഉപയോഗിക്കുക.
വിദഗ്ധരായ തച്ചന്മാരുടെയും ഖലാസികളുടെയും വർഷങ്ങളുടെ കഠിനാധ്വാനത്തിൽ കോടികൾ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ബേപ്പൂരിലെ മാപ്പിള ഖലാസി സംഘവും മറ്റു തെഴിലാളികളും ചേർന്നാണ് നീറ്റിലിറക്കുന്നത്. വിഞ്ചും കപ്പിയും കയറും ചെയിനുമുപയോഗിച്ച് പരമ്പരാഗത രീതിയിൽ വായ്ത്താരികൾ പാടിയാണ് നീറ്റിലിറക്കൽ. ബേപ്പൂരിലെ പ്രശസ്ത തച്ചൻ എടത്തൊടി സത്യന്റെ മേൽനോട്ടത്തിൽ പി
ശശിധരന്റെ "സായൂസ് വുഡ് വർക്സ് " ആണ് നിർമാണ ചുമതല ഏറ്റെടുത്തത്. പിൻഭാഗം തുറന്ന " സാം ബൂക്ക് " മാതൃകയിലുള്ള ഉരുവിന് 150 അടി നീളവും 34 അടി വീതിയും മധ്യഭാഗം 13 അടി ഉയരവും മൂന്നു തട്ടുകളുമുണ്ട്. പുറംഭാഗം തേക്ക് തടിയിലും മറ്റു ഭാഗങ്ങൾ വാക, കരിമരുത്, അയനി തുടങ്ങിയ മരങ്ങളിലുമാണ് നിർമിതി. ജിഐ ആണികളും ബോൾട്ടുകളും ഉപയോഗിച്ചിട്ടുണ്ട്.
നീറ്റിലിറക്കൽ ചടങ്ങിൽ ബേപ്പൂർ ഖാസി പി ടി മുഹമ്മദലി മുസ്ല്യാർ മുഖ്യകാർമികത്വം വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..