21 December Saturday
മാലിന്യ മുക്തം നവകേരളം

അയൽക്കൂട്ടങ്ങളും 
വിദ്യാലയങ്ങളും മുന്നിൽ

സ്വന്തം ലേഖികUpdated: Wednesday Dec 18, 2024

ഹരിത പദവിയിലെത്തിയ വടകര എസ്‌പിഎച്ച്‌ വിലാസം ജെബി സ്‌കൂൾ

കോഴിക്കോട്‌
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടം രണ്ട്‌ മാസം  പിന്നിടുമ്പോൾ ശുചിത്വത്തിലേക്ക്‌ അതിവേഗം നടന്നടുത്ത്‌ ജില്ല.  ഹരിതപദവി നേടിയെടുത്ത്‌ വിദ്യാലയങ്ങളും അയൽക്കൂട്ടങ്ങളുമാണ്‌ രണ്ടാം ഘട്ടത്തിന്‌ ചുക്കാൻ പിടിക്കുന്നത്‌. ജനുവരി 26നകം 100 ശതമാനം പൂർത്തീകരിക്കുകയാണ്‌ ലക്ഷ്യം. അതത്‌ സ്ഥാപനങ്ങൾ, പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വം, മാലിന്യ സംസ്‌കരണ ഉപാധികൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്‌  പദവി നൽകുന്നത്‌. 
ജില്ലയിലെ 1565 വിദ്യാലയങ്ങളിൽ 689  എണ്ണം ഹരിത വിദ്യാലയമായി. 44.03 ശതമാനമാണ്‌ നേട്ടം.  വടകര ബ്ലോക്കിൽ 100 ശതമാനം സ്‌കൂളുകളും ഹരിതപദവിയിലെത്തി. 60 ശതമാനം കൈവരിച്ച്‌ കുന്നുമ്മലാണ്‌ രണ്ടാം സ്ഥാനത്ത്‌. 29,722 ൽ 14,276 അയൽക്കൂട്ടങ്ങളും ഹരിത പ്രഖ്യാപനം നടത്തി. 48.03 ശതമാനമാണ്‌ നേട്ടം. ജനുവരി 26നകം 50 ശതമാനവും മാർച്ച്‌ എട്ടിനകം 100 ശതമാനവും പൂർത്തിയാക്കും. കോഴിക്കോട്‌ ബ്ലോക്കാണ്‌ മുന്നിൽ(69 ശതമനം).  നഗരസഭകളിൽ 62. 7 ശതമാനവുമായി കോഴിക്കോടും മുന്നിലുണ്ട്‌. 
കലാലയങ്ങളും സ്ഥാപനങ്ങളുമാണ്‌ ഇനി  മുന്നേറാനുള്ളത്‌.  206 കലാലയങ്ങളിൽ 28 മാത്രമാണ്‌  ഹരിത കലാലയമായത്‌. ഇതിൽ   42 ശതമാനവും തൂണേരി ബ്ലോക്കിലാണ്‌. സർക്കാർ ഓഫീസുകളിൽ  26.29 ശതമാനം ലക്ഷ്യം കൈവരിക്കാനായി. 1501 സ്ഥാപനങ്ങൾ ഹരിതപദവിയിലെത്തി.  4208 സ്ഥാപനങ്ങൾ ഇനിയുമുണ്ട്‌. ഈ പട്ടികയിൽ 60.43 ശതമാനം നേട്ടത്തോടെ  കുന്നുമ്മൽ ബ്ലോക്കാണ്‌  മുന്നിൽ. 326 ൽ 197 ഉം ഹരിതമാക്കി.  ഏറ്റവും പിറകിൽ കൊടുവള്ളിയാണ്‌–- 7.63 ശതമാനം. 
  ഇ മാലിന്യം –- ഫർണിച്ചർ മാലിന്യം  കൃത്യമായി നീക്കാനുള്ള സംവിധാനമില്ലെന്നാണ്‌ ഭൂരിഭാഗവും  നേരിടുന്ന പ്രശ്‌നം. 284 സ്ഥാപനങ്ങളിലും ഈ സംവിധാനമില്ല. ജൈവ മാലിന്യം സംസ്‌കരിക്കാൻ ഉപാധികളില്ലാത്ത  377 സ്ഥാപനമുണ്ട്‌. തരംതിരിച്ച്‌ ശേഖരിക്കാൻ ബിന്നുകൾ, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം, വൃത്തിയുള്ള ശുചിമുറി  തുടങ്ങിയവയുടെ അഭാവം  പലയിടത്തുമുണ്ട്‌. 
 235  അങ്ങാടികളിൽ  22 എണ്ണമാണ്‌ ഹരിതപദവിയിലെത്തിയത്‌. മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, കൂട്ടിയിടൽ, മലിന ജലം ഒഴുക്കിവിടൽ എന്നിവ ഇല്ലാതിരിക്കണമെന്നതാണ്‌ മാനദണ്ഡം.  മാലിന്യം തരംതിരിച്ച്‌ വേർതിരിക്കാനുള്ള സംവിധാനവും   സൗന്ദര്യവത്‌കരണവും നടപ്പാക്കണം. 
29 ടൂറിസം കേന്ദ്രങ്ങളിൽ  ലോകനാർകാവ്‌, ജാനകിക്കാട്‌, സാൻഡ്‌ ബാങ്ക്‌സ്‌, കാപ്പാട്‌ ബ്ലൂ ഫ്ലാഗ്‌ ബീച്ച്‌, കുഞ്ഞാലി മരക്കാർ സ്‌മാരകം, ആക്ടീവ്‌ പ്ലാനറ്റ്‌ എന്നിയ ഹരിത കേന്ദ്രങ്ങളാക്കി.  100 ശതമാനം ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണെന്നും  ജനുവരിയിൽ കൈവരിക്കുമെന്നും ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി ടി  പ്രസാദ്‌ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top