നാദാപുരം
കനത്ത മഴയിൽ നാദാപുരം മേഖലയിൽ വ്യാപക നാശം. കല്ലാച്ചി കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റോഡിലെ കക്കുഴി പറമ്പത്ത് നാണുവിന്റെ വീട് മഴയിൽ തകർന്നു. കുടുംബാഗങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വ്യാഴം രാത്രി പതിനൊന്നൊടെയാണ് സംഭവം. ശബ്ദം കേട്ടയുടനെ വീട്ടുകാർ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
എടച്ചേരി ആലശ്ശേരി പത്താം വാർഡിലെ മീത്തലെ ക്കണ്ടിയിൽ ബാബുവിന്റെ വീടിന്റെ മേൽക്കൂരയിലെ ഇരുന്നൂറോളം ഓടുകൾ ശക്തമായ ചുഴലിക്കാറ്റിൽ പാറി പോയി. ശക്തമായ മഴയിൽ ചുമരും കഴുക്കോലും നനഞ്ഞ് വീട് അപകടാവസ്ഥയിലായി.
മീത്തലെക്കണ്ടി ദേവദാസന്റെ വീടിന്റെ മേൽക്കുരയിലും മരം വീണ് നാശമുണ്ടായി. എടച്ചേരി ആലശ്ശേരി പുതിയോട്ടിൽ കേളപ്പന്റെ വീടിന് മുകളിൽ തെങ്ങ് വീണ് ഭാഗികമായി തകർന്നു. തെണ്ടംങ്കണ്ടി കൃഷ്ണന്റെ വീട്ടിലും തെങ്ങ് വീണ് കേടപാട് സംഭവിച്ചു. വിലങ്ങാട് കൂവത്തോട്ടിൽ രാജുവിന്റെ വീടിന്റെ മേൽകൂര തകർന്നു. വീട്ടുകാരെ മറ്റൊരു വീട്ടിലേക്ക് മാറ്റി. പേരോട് മീത്തലെ കോറോത്ത് ദാസന്റെ വീട്ടുമതിലും ഗേറ്റും ശക്തമായ മഴയിൽ ഇടിഞ്ഞു വീണു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..