കോഴിക്കോട്
കനത്ത മഴയിൽ ജില്ലയിലെങ്ങും ദുരിതം തുടരുന്നു. മലയോര ഗ്രാമങ്ങളിൽ കെടുതിക്ക് ശമനമില്ല. ഏഴ് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.
കക്കയം ഡാമിൽ ജലനരിപ്പ് ഉയർന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2478 അടി വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിന്റെ ശേഷിയുടെ 81.17 ശതമാനമാണിത്. ഇനിയും ജലനിരപ്പ് ഉയർന്നാൽ അണക്കെട്ട് തുറന്നുവിടേണ്ടി വരുന്നതിനാൽ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് മുന്നിറിയിപ്പുണ്ട്. 2485 ആയി ജലനിരപ്പ് ഉയർന്നാൽ വെള്ളം തുറന്നുവിട്ടേക്കും.
വിലങ്ങാട് പുഴയിൽ വെള്ളം കരകവിഞ്ഞതിനാൽ വിലങ്ങാട്–- തിനൂർ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം വെള്ളത്തിലായി. വിലങ്ങാട് ടൗണിലും വെള്ളം കയറി. കല്ലാച്ചിയിൽ കക്കുഴി പറമ്പത്ത് നാണുവിന്റെ വീട് തകർന്നു. വിഷ്‌ണുമംഗലം ബണ്ട് നിറഞ്ഞു. ചെക്യാട് പഞ്ചായത്തിൽ വിദ്യാലയങ്ങൾക്ക് അവധിനൽകി.
പാലേരി പിസി മുക്കിൽ മടോൻ കണ്ടി ശോഭയുടെ ഓട് മേഞ്ഞ വീട് തകർന്നു. വില്ല്യാപ്പള്ളി എട്ടാം വാർഡിൽ താമസിക്കുന്ന അയനിയുള്ളതിൽ കുമാരന്റെ കിണറും കുളിമുറിയും കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്നു. വ്യാഴം രാവിലെ ആറോടെയാണ് സംഭവം. വെള്ളം കോരിക്കോണ്ടിരുന്ന കുമാരന്റെ ഭാര്യ ഓടിമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..