18 December Wednesday
ഐസിആർടി ഗോൾഡ് അവാർഡ്

ഉത്തരാവാദിത്വ ടൂറിസത്തിൽ
‘ഇമ്മിണി ബല്യ’ ബേപ്പൂർ

മനാഫ് താഴത്ത്Updated: Monday Aug 19, 2024
 
ഫറോക്ക്
വിദേശ രാജ്യങ്ങളിലുൾപ്പെടെ ഷോ കെയ്‌സുകളെ അലങ്കരിക്കുന്ന വർണവൈവിധ്യമുള്ള ‘കാന്റിൽ ക്യൂൻ’ മെഴുകുതിരികൾ, വേദികളെ ആഘോഷ തിമിർപ്പിലാഴ്‌ത്തുന്ന കലാ സംഘങ്ങൾ, കമ്യൂണിറ്റി യാത്രാ സംഘാടകർ...   നാടിന്റെ തനത് ഭംഗിയും പൈതൃകവും നിലനിർത്തി ഉത്തരവാദിത്വ ടൂറിസത്തിലൂടെ ചരിത്രം കുറിയ്‌ക്കുന്ന ബേപ്പൂരിനുള്ള  അംഗീകാരമാണ്‌    ഐസിആർടി ഇന്ത്യ ചാപ്റ്ററിന്റെ  എംപ്ലോയിങ്‌ ആൻഡ്‌‌ അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി വിഭാഗത്തിൽ ലഭിച്ച  സ്വർണമെഡൽ. 
പ്രകൃതിക്കിണങ്ങിയ രീതിയിൽ  പ്രദേശവാസികളെയും   ഗ്രാമീണ സമൂഹങ്ങളെയും  ശാക്തീകരിക്കാനും  യുവതലമുറയ്ക്കും സ്ത്രീകൾക്കും ടൂറിസത്തിലൂടെ തൊഴിലും വരുമാനവും ലഭിക്കാനുമുള്ള ഒട്ടേറെ അവസരങ്ങളാണ് ബേപ്പൂരിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ (ആർടി മിഷൻ) തുറന്നിട്ടത്‌. ഇതിന്റെ ഫലമായാണ്‌ സർക്കാർ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതി ആരംഭിച്ച്‌ രണ്ട്‌ വർഷത്തിനകം ബേപ്പൂരിനെ തേടി ദേശീയ പുരസ്‌കാരമെത്തിയത്‌. ആർടി മിഷന് കീഴിൽ ഇതുവരെയാരംഭിച്ച 23,786 സംരംഭങ്ങളിൽ  കുറഞ്ഞ കാലപരിധിക്കുള്ളിൽ   വിജയിച്ച  കൂടുതൽ   സംരംഭങ്ങളുണ്ടായത്‌  ബേപ്പൂരാണ്‌. 
 നാല്‌ വനിതകൾ  വീടുകളിലിരുന്നുണ്ടാക്കിയ ‘കാന്റിൽ ക്യൂൻ’ എന്ന  പ്രത്യേകതരം  വർണ മെഴുകുതിരികളാണ്‌ ശ്രദ്ധേയമായ ഒരുൽപ്പന്നം.  കുമരകം ആഗോള ടൂറിസം ഉച്ചകോടിയിൽ  പങ്കെടുത്ത 200 പ്രതിനിധികൾക്കും കേരള ടൂറിസത്തിന്റെ  സമ്മാനമായി നൽകിയത്‌ ഈ  വർണ മെഴുകുതിരികളാണ്‌. ഇത്തരത്തിൽ ഇവടെ  112  യൂണിറ്റുകളുണ്ട്‌.
സ്ത്രീ ശാക്തീകരണത്തിനും യുവജനങ്ങൾക്കുമാണ്  മുൻഗണന നൽകിയത്. 1500 ലേറെ പേർ  സംരംഭങ്ങളിൽ  പരിശീലനം നേടി.  കലാകാരന്മാർ, ടൂറിസം നെറ്റ് വർക്കർമാർ, പങ്കാളിത്ത  കമ്യൂണിറ്റി ടൂർ ലീഡർമാർ, എത്നിക് കുസിൻ യൂണിറ്റ് അംഗങ്ങളായ വീട്ടമ്മമാർ തുടങ്ങിയവരും ആർടി മിഷനിലെ കണ്ണികളാണ്. ഈ വിഭാഗത്തിലാണ്‌  ബേപ്പൂർ മണ്ഡലം രാജ്യാന്തര തലത്തിൽ  മാതൃകയാവുന്നത്.  പരിശീലനം  നേടിയ 300 വനിതകൾ വ്യക്തിഗതമായും സംഘമായും  വിവിധ സംരംഭങ്ങൾ ആരംഭിച്ചു.  അലങ്കാര മെഴുകുതിരികൾ, പേപ്പർ ബാഗുകൾ, ടെറാക്കോട്ട ആഭരണങ്ങൾ,  മത്സ്യ അച്ചാറുകൾ, കയറുൽപ്പാദന യൂണിറ്റ്‌, നെയ്‌ത്ത്‌  തുടങ്ങിയവ  ഉൾപ്പെടുന്നു.   ഒപ്പന, ദഫ് മുട്ട്‌, തിരുവാതിര തുടങ്ങിയവ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ സംഘങ്ങളും  ഉത്തരവാദിത്വ ടൂറിസം യൂണിറ്റുകളാണ്. 
അവാർഡ് നേട്ടമറിഞ്ഞയുടൻ ബേപ്പൂരിലെ  മിനി ഗോപിയുടെ അലങ്കാര മെഴുകിതിരി യൂണിറ്റിലെത്തിയ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ യൂണിറ്റിലെ അംഗങ്ങൾക്കൊപ്പം  സന്തോഷം പങ്കുവച്ചു.  മധുര വിതരണവുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top