കോഴിക്കോട്
കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങുന്ന കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ലോഗോ പ്രകാശിപ്പിച്ചു. കോഴിക്കോട് ബീച്ച് കൾച്ചറൽ സ്‌റ്റേജിൽ മന്ത്രി പി എ മുഹമ്മദ് റിയാസാണ് ലോഗോ പ്രകാശിപ്പിച്ചത്. കോഴിക്കോട് ക്രിക്കറ്റ് മൈതാനം നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻകൈയെടുക്കുകയാണെങ്കിൽ സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കെ വി സനിൽ ചന്ദ്രൻ ടീം ജഴ്സി വൈസ് ക്യാപ്റ്റൻ സൽമാൻ നിസാറിന് നൽകി. ടീം ഉടമ സച്ചിൻ മുഹമ്മദ്, സിഇഒ ജോൺ ആരോഗ്യസ്വാമി. വൈസ് പ്രസിഡന്റ് യു അച്യുതൻ, മെയ്ത്ര ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് പ്രവീൺ നായർ, ജഗദീഷ് ബി ത്രിവേദി, മനോജ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ടീമിന് മികച്ച ടാഗ്‌ലൈൻ കണ്ടെത്താനുള്ള ക്യാമ്പയിൻ തുടക്കമായി. മികച്ച ടാഗ്‌ലൈൻ നിർദേശിക്കുന്നയാൾക്ക് മത്സരത്തിന്റെ ടോസിങ് വേളയിൽ നായകനൊപ്പം പങ്കെടുക്കാനുള്ള അവസരമുണ്ടാകും. സെപ്‌തംബർ രണ്ടുമുതൽ പതിനെട്ടുവരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. സ്റ്റാർ സ്പോർട്സ് വണ്ണിൽ മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടാകും.
താരങ്ങൾ തയ്യാർ
40 വർഷമായി ക്രിക്കറ്റ് കളിക്കുന്ന ഗ്ലോബ്സ്റ്റാർസ് ക്ലബ്ബിൽനിന്നാണ് ഫ്രാഞ്ചൈസി രൂപീകരിച്ചത്. ക്യാപ്റ്റൻ രോഹൻ എസ് കുന്നുമ്മലാണ് ഐക്കൺ താരം. മുൻ കേരള ക്യാപ്‌റ്റൻ ഫിറോസ് വി റഷീദ് ആണ് പരിശീലകൻ. മറ്റ് ടീം അംഗങ്ങൾ: എം അജ്നാസ് (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ (വൈസ് ക്യാപ്‌റ്റൻ), കെ എ അരുൺ, ലിസ്റ്റൺ അഗസ്റ്റിൻ, വി ആർ സഞ്ജയ് രാജ് (വിക്കറ്റ് കീപ്പർ), അഭിജിത് പ്രവീൺ, സി വി അഖിൽ ദേവ്, എം നിഖിൽ, പി എം അൻഫൽ, കെ അജ്നാസ്, രഹാൻ സായ്, അഖിൽ ദേവ്, വി അജിത്, ഇബ്നുൾ അഫ്താബ്, പി യു അൻതാഫ്, രഹാൻ റഹീം, എസ് ശിവരാജ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..