വടകര
പഠനത്തോടൊപ്പം ഒരു പാർട്ട് ടൈം ജോലിയും എന്ന മോഹത്തിൽ കുടുങ്ങി യുവാക്കളും വിദ്യാർഥികളും പെട്ടുപോകുന്നത് വൻ ചതിക്കുഴിയിൽ.
ഇതര സംസ്ഥാനങ്ങളിലും നാട്ടിലും പഠിക്കുന്ന വിദ്യാർഥികളെയും യുവാക്കളെയുമാണ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വലയിലാക്കുന്നത്. മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി നൂറുകണക്കിന് വിദ്യാർഥികളാണ് തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ അകപ്പെടുന്നത്. ഇത്തരത്തിൽ ഒരു വൻ തട്ടിപ്പ് സംഘത്തിന്റെ വലയിൽ പെട്ടുപോയവരാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് പൊലീസിന്റെ പിടിയിലായ വടകരയിലെ വിദ്യാർഥികൾ.
വിദ്യാർഥികളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിൽ കൈമാറുന്നതാണ് തട്ടിപ്പ് രീതി. അക്കൗണ്ട് എടുത്തുനൽകിയാൽ അയ്യായിരം മുതൽ പതിനായിരം രൂപ വരെയാണ് നൽകുക. തുടർന്ന് ലക്ഷങ്ങൾ തങ്ങളുടെ അക്കൗണ്ടിലൂടെ കൈമാറുമ്പോൾ ഒരു നിശ്ചിത ശതമാനം കമീഷൻ വിദ്യാർഥികൾക്ക് ലഭിക്കുന്നു. അക്കൗണ്ടിലേക്ക് വരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകലാണ് ജോലി. പാർട്ട് ടൈം ജോലിയുടെ ഭാഗമായി ലഭിക്കുന്ന വരുമാനം എന്ന നിലയിൽ വിശ്വസിപ്പിച്ച് തട്ടിപ്പ് സംഘം ലക്ഷങ്ങളാണ് ഒന്നുമറിയാത്ത വിദ്യാർഥികളുടെ അക്കൗണ്ടിലൂടെ തിരിമറി നടത്തുന്നത്.
പൊലീസിന്റെ കർശന പരിശോധനയിൽ സ്വർണത്തട്ടിപ്പ് സംഘങ്ങൾക്ക് കച്ചവടം ഇല്ലാതായതോടെ ഇത്തരം സംഘങ്ങൾ സൈബർ തട്ടിപ്പിലേക്ക് ചുവടുമാറ്റിയെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി വിദ്യാർഥികൾക്ക് മനസ്സിലായത്. തിരുവോണ നാളിലാണ് മധ്യപ്രദേശ് ഭോപ്പാൽ ജില്ലാ ക്രൈംബ്രാഞ്ചിൽനിന്നുള്ള നാല് ഉദ്യോഗസ്ഥർ വടകര പൊലീസിന്റെ സഹായത്തോടെ ആയഞ്ചേരി, പൊന്മേരിപറമ്പ്, കടമേരി, വേളം സ്വദേശികളായ നാലുവിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. പാസ്ബുക്ക്, എടിഎം, അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ഇവരിൽനിന്ന് കൈക്കലാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..