19 September Thursday

മണൽത്തിട്ട: ഓളവും താളവും 
നിലച്ച്‌ കമ്യൂണിറ്റി റിസർവ്‌

മനാഫ് താഴത്ത്Updated: Thursday Sep 19, 2024

കമ്യൂണിറ്റി റിസർവിന് ഭീഷണിയായ കടലുണ്ടിക്കടവ് അഴിമുഖത്തെ മണൽത്തിട്ട

ഫറോക്ക്
ഏക്കർ കണക്കിന് വിസ്തൃതിയിലുള്ള കടലുണ്ടി കമ്യൂണിറ്റി റിസർവിന് കടുത്ത ഭീഷണിയായി കടലുണ്ടിക്കടവ് അഴിമുഖത്തെയും പുഴയിലെയും മണൽത്തിട്ട. ഓരോ വർഷവും മണൽ അടിയുന്നതിന്റെ തോത് ഗണ്യമായി വർധിച്ചതോടെ രാജ്യത്തെ രണ്ടാമത്തെ കമ്യൂണിറ്റി റിസർവിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ അടിമുടി താളംതെറ്റിയിരിക്കുകയാണ്‌. ഇത്‌ അതിവേഗത്തിലുള്ള ജൈവവൈവിധ്യ ശോഷണത്തിനും വഴിയൊരുക്കുന്നു. ഇക്കോ ടൂറിസം കേന്ദ്രമായ ഇവിടെ വിനോദത്തിനെത്തുന്നവർക്കായുള്ള ബോട്ട് യാത്രയും മണൽത്തിട്ട കാരണം തടസ്സപ്പെടുകയാണ്.
 2014നുശേഷം റിസർവ് മേഖലയിൽ കടലുണ്ടിപ്പുഴയിൽ മണലെടുപ്പില്ല. ഇതോടെ വൻതോതിൽ മണൽ അടിഞ്ഞ് പുഴയിൽ പരക്കെ തിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്‌. കടലുണ്ടിക്കടവ്, മാട്ടുമ്മൽ തോട്, കോട്ടക്കടവ്, മുക്കത്ത്കടവ് എന്നിവിടങ്ങളിൽ മണലെടുപ്പുണ്ടായിരുന്നപ്പോൾ ജലാശയത്തിന്‌ ആഴവും ഒഴുക്കും കൂടുതലായിരുന്നു. ഇപ്പോൾ റിസർവിന്റെ അറ്റത്തും അഴിമുഖത്തും മണലടിഞ്ഞ് വൻമതിലിന് സമാനമാണ്‌. ഇതോടെ പുഴയിലെ വേലിയേറ്റ–-വേലിയിറക്ക പ്രതിഭാസങ്ങളുടെ ഗതി മാറി. പുഴയുടെ സ്വാഭാവിക ഒഴുക്കില്ലാതായി. ഇത്‌ ഗുരുതര പ്രത്യാഘാതമാണുണ്ടാക്കുന്നത്.
അഴിമുഖത്ത് 2002ൽ 1.81 ഹെക്ടർ വിസ്തൃതിയിലായിരുന്നു മണൽത്തിട്ട. 2017ൽ 18.81 ഹെക്ടറിലെത്തി. ഇത്‌ നീക്കം ചെയ്യാൻ നിർദേശിച്ചുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ (സിഎംഎഫ്ആർഐ) റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു. എന്നാൽ മണൽത്തിട്ടകൾ ഇപ്പോഴും അവിടെയുണ്ട്‌. ഇവയടിഞ്ഞ്‌ കണ്ടലുകളുടെ വേരുകൾ നശിച്ച്‌ ഉണങ്ങാൻ തുടങ്ങി. ഇവിടെയുണ്ടാകുന്ന ജലജീവികളും ക്രമേണ ഇല്ലാതാകുന്നു. തീറ്റ കുറഞ്ഞതോടെ ദേശാടനപ്പക്ഷികളും കാര്യമായി എത്തുന്നില്ല.
പുഴയുടെ ആഴം കുറഞ്ഞതും മണ്ണടിഞ്ഞ് അഴിമുഖം ചുരുങ്ങിയതും  മലവെള്ളമെത്തുമ്പോൾ നദി കരകവിയുന്നതിനിടയാക്കുന്നു. ഇത്‌ തീരവാസികളുടെ സ്വൈരജീവിതത്തിനും ഭീഷണിയാകുന്നു. 
മത്സ്യലഭ്യത കുറഞ്ഞത് പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ബാധിച്ചു. പുഴയിലെ ആവാസ വ്യവസ്ഥയിലുണ്ടായ താളപ്പിഴകളാണ് മത്സ്യ ദൗർലഭ്യത്തിനിടയാക്കിയതെന്ന്‌ സിഎംഎഫ്ആർഐ ഉൾപ്പെടെ നടത്തിയ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top