കോഴിക്കോട്
ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മാളിക്കടവിലും തടമ്പാട്ടുതാഴത്തും അടിപ്പാത നിർമാണം അതിവേഗം പുരോഗമിക്കുന്നു. തടമ്പാട്ടുതാഴം–-കണ്ണാടിക്കൽ റോഡിൽ ദേശീയപാതയ്‌ക്ക് കുറുകെയുള്ള അടിപ്പാതയുടെ നീളം കൂട്ടലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സമീപത്തെ അടിപ്പാത കഴിഞ്ഞ ദിവസം മുതൽ അടച്ചിരുന്നു. 15 ദിവസംകൊണ്ട് നിർമാണം പൂർത്തിയാക്കും. മാളിക്കടവ് ജങ്‌ഷനിലെ ഇരട്ട അടിപ്പാതയുടെ രണ്ടാംഘട്ട നിർമാണമാണ് തുടങ്ങിയത്. അതേസമയം വേദവ്യാസ സ്‌കൂളിന് സമീപം ഫ്ലോറിക്കൻ റോഡിലെ അടിപ്പാത പൂർത്തിയായി. 22ന് തുറന്നുകൊടുക്കും.
നിർമാണം നടക്കുന്നതിന്റെ ഭാഗമായി ഇരുസ്ഥലത്തും ഗതാഗത പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തി. തടമ്പാട്ടുതാഴത്ത് അടിപ്പാത വീതികൂട്ടൽ പൂർത്തിയായാൽ മലാപ്പറമ്പ് മുതൽ മാളിക്കടവ് വരെ ദേശീയപാത നാലുകിലോമീറ്റർ ആറുവരിയായി തുറന്നേക്കും.
മാളിക്കടവിൽ ബൈപാസിലെ ഗതാഗതം നിയന്ത്രിച്ചാണ് ഇരട്ട അടിപ്പാതാ പ്രവൃത്തി നടത്തുന്നത്. ഒന്നിന്റെ പണി നേരത്തെ കഴിഞ്ഞതാണ്. ഇതിലെ മൂന്നുമാസത്തേക്ക് ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയാക്കുന്നതുവരെ മാളിക്കടവ്–-വേങ്ങേരിവരെ ദേശീയപാതയുടെ സർവീസ് റോഡുകളിൽ വൺവേ ഗതാഗതമാണ് അനുവദിക്കുക. മാളിക്കടവിൽ നിലവിൽ കരുവിശേരി റോഡിൽ ഒരു അടിപ്പാതയുണ്ട്. തൊട്ടടുത്താണ് ഇരട്ട അടിപ്പാത വരുന്നത്.
നിർമാണം കഴിയുന്നതോടെ മലാപ്പറമ്പിനും മാളിക്കടവിനുമിടയിലെ മൂന്നര കിലോമീറ്ററിനുള്ളിലായി ആറ് അടിപ്പാതകളാണ് ഉണ്ടാവുക. അതിനിടെ മലാപ്പറമ്പ് ജങ്‌ഷനിൽ വയനാട് റോഡിന് കുറുകെയുള്ള ഓവർ പാസിനുള്ള മണ്ണെടുക്കൽ ആരംഭിച്ചിട്ടുണ്ട്. വേങ്ങേരി–-മലാപ്പറമ്പ് രണ്ട് സർവീസ് റോഡുകൾ പൂർത്തിയായാലേ നിർമാണം തുടങ്ങൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..