22 December Sunday

യുവതിക്ക് കനിവ് 108 
ആംബുലൻസിൽ സുഖപ്രസവം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

108 ആംബുലൻസ് പൈലറ്റ് കെ ഡിജിലും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പി ആർ രാഗേഷും

സ്വന്തം ലേഖകൻ
മുക്കം
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. മുക്കം കുമാരനല്ലൂർ മുരിങ്ങപുറായിയിൽ താമസിക്കുന്ന അസം സ്വദേശിനിയായ പത്തൊമ്പതുകാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്‌ച രാത്രിയാണ് സംഭവം. അമ്മയ്ക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് രക്ഷകരായത്. 
രാത്രി പത്തരയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് കെ ഡിജിൽ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പി ആർ രാഗേഷ് എന്നിവർ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിക്കാനായി ആംബുലൻസിലേക്ക് മാറ്റി. 
ആ സമയം എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രാഗേഷ് നടത്തിയ പരിശോധനയിൽ ഉടൻ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി. തുടർന്ന് ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണം ഒരുക്കി. രാത്രി 11.10ന് യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും രാഗേഷ് പ്രഥമ ശുശ്രൂഷ നൽകി. ഇരുവരെയും ആംബുലൻസിൽ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് പി ആർ രാഗേഷ്. കെ ഡിജിൽ കുന്നമംഗലം വര്യട്ട്യാക്ക് സ്വദേശിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top