24 August Saturday

കോഴിക്കോട്‌ ഇരുന്നൂറിലേറെ ഇടങ്ങളിൽ കോലീബി ‘കച്ചവടം’

സ്വന്തം ലേഖകൻUpdated: Saturday Dec 19, 2020

 കോഴിക്കോട്‌ > തദ്ദേ ശ തെരഞ്ഞെടുപ്പ്‌ ഫലം വന്നതോടെ യുഡിഎഫ്–-‌ ബിജെപി അവിശുദ്ധ കൂട്ടുകെട്ട്‌ കൂടുതൽ വ്യക്തം. ഇരുനൂറിലധികം വാർഡുകളിലാണ്‌ ബിജെപി കോൺഗ്രസ്‌ വോട്ട് ‌കച്ചവടം അരങ്ങേറിയത്‌‌. കോർപറേഷനിലും പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നോ രണ്ടോ സീറ്റ്‌ ലഭിക്കാൻ മറ്റ്‌ വാർഡുകളിലെല്ലാം ബിജെപി യുഡിഎഫിന്‌ വോട്ട്‌ മറിച്ചു. ബ്ലോക്ക്‌‌, ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥികൾക്ക്‌ വോട്ട്‌ പിടിക്കാൻ ‌കാര്യമായി രംഗത്തിറങ്ങിയതുമില്ല. 

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ വാർഡായ അത്തോളി പഞ്ചായത്തിലെ  ഒന്നിൽ കോൺഗ്രസ്‌ വോട്ട്‌ മൊത്തമായി ബിജെപിക്ക്‌ മറിച്ചു. ഇവിടെ ബിജെപിക്ക്‌ 571 വോട്ട്‌ കിട്ടിയപ്പോൾ കോൺഗ്രസിന്‌ ‌169 വോട്ട്‌ മാത്രം. ഈ മൊത്തക്കച്ചവടത്തിന്‌ നന്ദിസൂചകമായി അത്തോളിയിലെ മറ്റു വാർഡുകളിൽ (2, 6, 8, 7,14, 16) ബിജെപി യുഡിഎഫിന്‌ വോട്ട്‌ നൽകി.
 
വടകര നഗരസഭയിലെ മേപ്പയിൽ ബിജെപിക്കും കോൺഗ്രസിനുമായി പൊതുസ്ഥാനാർഥിയായിരുന്നു‌. എന്നാൽ ഇവിടെ ജയിച്ചത്‌ സിപിഐ എമ്മിലെ പി കെ സതീശൻ മാസ്റ്ററാണ്‌. ഫറോക്ക്‌ നഗരസഭയിൽ 52 വോട്ടിന്‌‌ ബിജെപി ജയിച്ച വാർഡിൽ മുസ്ലിംലീഗ്‌ സ്ഥാനാർഥിക്ക്‌ കിട്ടിയത്‌ 29 വോട്ട്‌ മാത്രം. രണ്ടാം വാർഡിൽ കോൺഗ്രസിന്‌ 233 വോട്ട്‌. ബിജെപിക്ക്‌ 62 വോട്ടും. മൂന്നാം വാർഡിൽ  ബിജെപി‌ 306 വോട്ട്‌ നേടിയപ്പോൾ യുഡിഎഫിന്‌ 23 വോട്ട്.  
 
കോർപറേഷനിലെ പുതിയറയിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്ക്‌ കിട്ടിയത്‌ 570 വോട്ട്‌ മാത്രം. ബിജെപിക്കാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 463 കൂടി‌ 1113 വോട്ട്‌ കിട്ടി. എൻഡിഎ വിജയിച്ച അത്താണിക്കലിൽ കഴിഞ്ഞ തവണ യുഡിഎഫിന്‌ കിട്ടിയ 1348 വോട്ട്‌  796  ആയി കുറഞ്ഞു. 503ൽനിന്ന്‌ ബിജെപി വോട്ട്‌ 1519 ആയി ഉയർന്നു. കാരപ്പറമ്പിൽ യുഡിഎഫിന്റെ വോട്ട്‌  കഴിഞ്ഞ തവണ 1225, ഇത്തവണ‌ 882. ബിജെപി വോട്ട്‌ 1345ൽ നിന്ന്‌ 1470 ആയും.  
 
കൊയിലാണ്ടി നഗരസഭയിലെ പന്തലായനി സെൻട്രൽ, അറവയൽ, തെറ്റിക്കുന്ന്, മൂഴിക്കുമീത്തൽ, വരകുന്ന്, കുറുവങ്ങാട്, നടേലക്കണ്ടി, കാശ്മിക്കണ്ടി വാർഡുകളിൽ ബിജെപി വോട്ട്‌ യുഡിഎഫിന്‌ മറിച്ചു.  
കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ ബിജെപി സ്ഥാനാർഥി ജയപ്രകാശ് കായണ്ണ 11 വോട്ടിന് വിജയിച്ചതിന്‌ പിന്നിലും കച്ചവടമായിരുന്നു. ഇവിടെ കോൺഗ്രസിന്‌  ലഭിച്ചത് 38 വോട്ട്. കഴിഞ്ഞ തവണ യുഡിഎഫിന്‌ 163 വോട്ടുണ്ടായിരുന്നു.   
ചോറോട് പഞ്ചായത്തിലെ കരിയാടി വാർഡിൽ കോൺഗ്രസ്‌ ബിജെപിക്ക് നൽകിയത്‌ 200 ലധികം വോട്ട്‌. മറ്റ് വാർഡുകളിൽ ബിജെപി യുഡിഎഫിനെ സഹായിച്ചു. ഏറാമലയിൽ ഒന്ന്‌, ആറ്‌, 19 തുടങ്ങിയ വാർഡുകളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകി. അഴിയൂരിൽ യുഡിഎഫ്-, ആർഎംപി സഖ്യത്തെ സഹായിക്കാൻ ബിജെപി അഞ്ച്‌ വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തിയില്ല.
 
മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ ബിജെപിക്ക്‌ സ്ഥാനാർഥി ഉണ്ടായിരുന്നില്ല. കരിയാകുളങ്ങരയിൽ  ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചുനൽകി. തിരുവമ്പാടി പഞ്ചായത്തിലെ തൊങ്ങിമ്മലിൽ എൽഡിഎഫിനെതിരെ സംയുക്ത സ്ഥാനാർഥിയെ നിർത്തിയെങ്കിലും വിജയിച്ചില്ല. കക്കോടി പഞ്ചായത്ത്‌ ഏഴാം വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. ഈ കൂട്ടിനെ തറപറ്റിച്ച്‌ എൽഡിഎഫിലെ ശ്രീലത ജയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top