കോഴിക്കോട്
മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്കും ആരോഗ്യപ്രവർത്തകർക്കും തുടർച്ചയായി ഉണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങൾക്ക് അറുതിവരുത്താത്തതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ മനുഷ്യച്ചങ്ങല തീർത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ തീർത്ത മനുഷ്യച്ചങ്ങലയിൽ വിദ്യാർഥികളും അധ്യാപകരും ആരോഗ്യപ്രവർത്തകരും കൈകോർത്തു.
ഹോസ്റ്റൽ പരിസരങ്ങളിൽ ഉൾപ്പെടെ സാമൂഹികവിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും സാന്നിധ്യം ഉണ്ടായിട്ടും സിസിടിവി, സ്‌ട്രീറ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിച്ചിട്ടില്ല. ക്യാമ്പസിന്റെ സെക്യൂരിറ്റി നയം വ്യക്തമാക്കാത്തതും പിജി വിദ്യാർഥിനിയെ പിന്തുടർന്ന കാറോ വ്യക്തികളെയോ കണ്ടെത്താൻ കഴിയാത്തതും ചൂണ്ടിക്കാണിച്ചാണ് മനുഷ്യച്ചങ്ങല തീർത്തത്. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ കമ്മിറ്റി അംഗം എ അനഘ, ഡോ. അഖിൽ ചാലിൽ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, ഡോ. ബാസിത്, ദീപേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..