കോഴിക്കോട്
ഞെളിയൻപറമ്പിൽ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലുമായി ചേർന്ന് ശാശ്വത മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാൻ ധാരണയായി. നേരത്തെ സോണ്ട കമ്പനിയുമായുള്ള വേസ്റ്റ് ടു എനർജി പ്ലാന്റ് കരാർ റദ്ദാക്കാനും തീരുമാനിച്ചു. ഞെളിയൻപറമ്പിലെ മാലിന്യ സംസ്‌കരണ പ്ലാന്റടക്കം കോർപറേഷൻ കൗൺസിൽ ആവശ്യപ്പെട്ട പദ്ധതികളെല്ലാം നടപ്പാക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി എം ബി രാജേഷ് ഉറപ്പുനൽകി. മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സമിതി അധ്യക്ഷർ തുടങ്ങിയവരുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനായി ബിപിസിഎൽ അധികൃതരും കോർപറേഷനുമായി അടുത്തദിവസം പ്രത്യേക യോഗം ചേരും. ഞെളിയൻപറമ്പിലെ ജൈവമാലിന്യ സംസ്കരണ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ പദ്ധതിക്ക് പുറമേയാണിത്.
സരോവരത്തെയും വെസ്റ്റ്‌ഹില്ലിലെയും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വേഗത്തിൽ ആരംഭിക്കുന്നതിന് എല്ലാ പിന്തുണയും മന്ത്രി ഉറപ്പുനൽകി. കോർപറേഷൻ ഓഫീസിലെ ഒഴിവുകൾ നികത്തുന്നതിന് ഒരാഴ്ചക്കകം നടപടി സ്വീകരിക്കും. മെഡിക്കൽ കോളേജ് ബസ് ടെർമിനൽ, പാർക്കിങ് പ്ലാസ തുടങ്ങിയ പദ്ധതികൾ ആരംഭിക്കാൻ ഉടൻ നടപടിയുണ്ടാവും.
കോർപറേഷന്റെ വികസനവുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ചചെയ്യാൻ ജനുവരി ആദ്യവാരം മേയറും ഉദ്യോഗസ്ഥരും ഉൾപ്പെടെ തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ പി ദിവാകരൻ, മരാമത്ത് സമിതി ചെയർമാൻ പി സി രാജൻ, നികുതി അപ്പീൽ സമിതി ചെയർമാൻ പി കെ നാസർ, കോർപറേഷൻ അഡീഷണൽ സെക്രട്ടറി ഷെറി തുടങ്ങിയവരും സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..