23 December Monday
തെരുവുകളിലെ ഭിന്നശേഷിക്കാർക്കുള്ള പ്രതീക്ഷാ ഭവൻ ഉദ്‌ഘാടനം അടുത്ത മാസം

അവരിനി അനാഥരല്ല

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കട്ടിപ്പാറയിലെ ‘കാരുണ്യ തീരം’ ക്യാമ്പസിലൊരുക്കിയ പ്രതീക്ഷാ ഭവൻ

സ്വന്തം ലേഖിക

കോഴിക്കോട്‌
ഉപേക്ഷിക്കപ്പെട്ടും ആരോരുമില്ലാതെയും  തെരുവുകളിൽ അലയേണ്ടിവരുന്ന  18 വയസ്സ്‌‌ കഴിഞ്ഞ  ഭിന്നശേഷി പുരുഷൻമാരെ പരിചരിക്കാൻ  പ്രതീക്ഷാഭവൻ ഒരുങ്ങി. മുതിർന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായുള്ള  ജില്ലയിലെ ആദ്യ കേന്ദ്രമാണ്‌ കട്ടിപ്പാറയിലെ  ‘കാരുണ്യ തീരം’ ക്യാമ്പസിലൊരുക്കിയ പ്രതീക്ഷാ ഭവൻ.  28  അംഗങ്ങളെയുമായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ ഈ കേന്ദ്രം  അടുത്തമാസം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്യും. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മുതിർന്നവരുടെ  പുനരധിവാസത്തിനായി എൻജിഒ പങ്കാളിത്തത്തോടെ പ്രതീക്ഷാ ഭവൻ ആരംഭിക്കാനുള്ള സർക്കാർ പദ്ധതിയിലെ സംസ്ഥാനത്തെ ആദ്യ കേന്ദ്രമാണിത്‌. 
    ഓട്ടിസം,  സെറിബ്രൽ പാൾസി പോലെ  ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി  ജില്ലയിൽ  എച്ച്‌എംഡിസി (ഹോം ഫോർ മെന്റലി ഡിസേബിൾഡ്‌) ഉണ്ടെങ്കിലും 18 വയസ്സ്‌‌ വരെയുള്ളവർക്കേ അവിടെ പ്രവേശനമുള്ളൂ. അത്‌ കഴിഞ്ഞാൽ മലപ്പുറം തവനൂർ പ്രതീക്ഷാ ഭവനിലേക്ക്‌ മാറ്റും. എന്നാൽ തവനൂരിൽ  ഉൾക്കൊള്ളാവുന്നതിലധികം അംഗങ്ങളായതോടെ  പുനരധിവാസം പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ്‌ പ്രതീക്ഷാ ഭവൻ സജ്ജമാക്കിയത്‌. നടത്തിപ്പ്‌ ചുമതല ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ എന്ന എൻജിഒയ്‌ക്കാണ്‌.  അംഗങ്ങളുടെ ഭക്ഷണം, താമസം, വസ്‌ത്രം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ കാര്യങ്ങൾക്കായി പ്രതിവർഷം 45 ലക്ഷത്തോളം രൂപ സർക്കാർ നൽകും. 
    50 പേർക്ക്‌ കഴിയാനുള്ള സംവിധാനമാണ്‌ കട്ടിപ്പാറയിലുള്ളത്‌. വിദ്യാഭ്യാസം, തൊഴിൽപരിശീലനം, ചികിത്സ, മാനസിക ഉല്ലാസത്തിനായി യാത്ര തുടങ്ങിയവ  ലഭ്യമാക്കുന്നുണ്ട്‌.  ക്യാമ്പസിലെ കൃഷിയിൽ പങ്കാളികളാക്കിയും പേന നിർമാണത്തിൽ പരിശീലനം നൽകിയും  അവരുടെ പകലുകൾ ആസ്വാദ്യകരമാക്കാൻ പദ്ധതിയുണ്ട്‌.  സൈക്കോളജിസ്‌റ്റ്‌, വൊക്കേഷണൽ ഇൻസ്‌ട്രക്ടർ,  സ്‌പെഷ്യൽ എഡ്യൂക്കേറ്റർ,  കെയർ ടേക്കർ ഉൾപ്പെടെ 13 ജീവനക്കാരുണ്ട്‌. താമരശേരി താലൂക്ക്‌ ആശുപത്രിയിൽ   സൈക്യാട്രി ചികിത്സയും നൽകും.   ഫിസിയോ തെറാപ്പിസ്‌റ്റ്‌, ഒക്യുപ്പേഷണൽ തെറാപ്പിസ്‌റ്റ്‌, മെഡിക്കൽ ഓഫീസർ  എന്നിവരുടെ സേവനവും പ്രതീക്ഷാ ഭവനിലുണ്ട്‌. 
 
താൽക്കാലിക പരിചരണ 
സംവിധാനവും
വീടുകളിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ താൽക്കാലിക പരിചരണത്തിനും പ്രതീക്ഷാ ഭവനിൽ സംവിധാനം വരും. ആശുപത്രി ആവശ്യങ്ങൾപോലെ  കുടുംബത്തിന്‌ വിട്ടുനിൽക്കേണ്ട  അത്യാവശ്യ സന്ദർഭങ്ങളുണ്ടാവുമ്പോൾ  കുറച്ച്‌ ദിവസത്തേക്ക്‌  പരിചരിക്കാൻ ഇവിടെ ഏൽപ്പിക്കാം. ഈ രീതിയിൽ 15 പേരെ ഉൾപ്പെടുത്താനാണ്‌ ആലോചിക്കുന്നതെന്ന്‌ കേന്ദ്രം നടത്തുന്ന  ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ എൻജിഒ ജനറൽ സെക്രട്ടറി സി കെ എ ഷമീർ ബാവ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top