26 December Thursday

32 കെ സ്റ്റോർ കൂടി

സ്വന്തം ലേഖികUpdated: Friday Sep 20, 2024
കോഴിക്കോട്
സാധനങ്ങളും സേവനങ്ങളും ഗുണമേന്മയിലും മിതമായ വിലയിലും ലഭ്യമാക്കുന്ന 32 കെ സ്റ്റോർ കൂടി ജില്ലയിൽ ഒരുങ്ങി. ഇതോടെ  മുഖംമിനുക്കി സ്‌മാർട്ട്‌ ആയ റേഷൻകടകളുടെ എണ്ണം 57 ആയി. നാദാപുരം ചേലക്കാട് 176–-ാം നമ്പർ റേഷൻകടയാണ്‌ അവസാനമായി കെ സ്മാർട്ടായത്‌. 
റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2023ലാണ്‌ സംസ്ഥാനത്ത്‌ കെ സ്റ്റോർ പദ്ധതി ആരംഭിച്ചത്‌. ഒന്നാംഘട്ടത്തിൽ ജില്ലയിൽ 10 കെ സ്റ്റോർ തുടങ്ങി. രണ്ടാംഘട്ടത്തിൽ ഒമ്പതും മൂന്നാംഘട്ടത്തിൽ ആറും നവീകരിച്ചു. നാലാംഘട്ടത്തിൽ 32 കെ സ്റ്റോർ സജ്ജമായി. 
ഓണവിപണിയിൽ കെ സ്റ്റോറിൽ വൻ വിറ്റുവരവുണ്ടായി. നിത്യോപയോ​ഗ സാധനങ്ങൾ മുതൽ ​ഗ്യാസ് സിലിണ്ടർ വരെ മിതമായ നിരക്കിൽ ലഭിക്കുന്നതിനാൽ ആവശ്യക്കാർ ഒഴുകിയെത്തി. ഉൾപ്രദേശങ്ങളിലാണ്‌ കെ സ്റ്റോർ കൂടുതൽ ആശ്വാസമായത്. സബ്സിഡി ഇനങ്ങളടക്കം മിക്കതും വിറ്റഴിച്ചു. ഓണക്കിറ്റ് വിതരണം വെള്ളിയാഴ്‌ച അവസാനിക്കും. അമിത വിലവർധനക്കെതിരെയുള്ള സർക്കാരിന്റെ ഫലപ്രദമായ  ഇടപെടലാവുകയാണ്‌ കെ സ്റ്റോറുകൾ. 
മിൽമ, കുടുംബശ്രീ, സപ്ലൈകോ ഉൽപ്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും ചെറുകിട സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളും കെ സ്റ്റോറിൽ ലഭിക്കും. വൈദ്യുതി–ടെലഫോൺ ബിൽ അടയ്‌ക്കൽ, മറ്റ് ഓൺലൈൻ സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും നടപ്പാക്കിവരികയാണ്.  സംസ്ഥാനത്താകെ 1181 കെ സ്റ്റോറുണ്ട്‌. കൂടുതലുള്ളത് തൃശൂർ ജില്ലയിലാണ്. 217 എണ്ണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top