22 December Sunday

അടുക്കള മാലിന്യമോ... നിസ്സാരം

എ സജീവ് കുമാർUpdated: Friday Sep 20, 2024

നിതിൻ രാംദാസ് തന്റെ വർക്ക്ഷോപ്പിൽ കിച്ചൻ വേസ്റ്റ് ഡൈജസ്റ്ററുകൾക്കൊപ്പം

കൊയിലാണ്ടി
ഗ്രാമങ്ങളിൽപോലും പല വീടുകളിലെയും പ്രധാന പ്രശ്നമാണ്‌ അടുക്കള മാലിന്യം. പ്ലാസ്റ്റിക്കും മറ്റും തദ്ദേശ സ്ഥാപനങ്ങളുടെ ഹരിതകർമ സേനാംഗങ്ങൾ കൊണ്ടുപോകുമെങ്കിലും അടുക്കള മാലിന്യം പലർക്കും കീറാമുട്ടിയാണ്. ഇതിനുള്ള പരിഹാരമാകുകയാണ്‌ യുവ എൻജിനിയർ കൊയിലാണ്ടി മേലൂർ ശിശിരത്തിൽ നിതിൻ രാംദാസിന്റെ കിച്ചൻ വേസ്റ്റ് ഡൈജസ്റ്റർ കണ്ടുപിടിത്തം. തൃശൂർ നെഹ്റു കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിടെക് ബിരുദമെടുത്ത നിതിൻ, സ്വയംസംരംഭകനെന്ന നിലയിൽ ഇതിനകം ശ്രദ്ധനേടി. 
ഡൈജസ്റ്ററിലെ ചെറിയ സ്ക്രീനിൽ കറുത്ത പടയാളി ഈച്ചയുടെ ലാർവയും എയറോബിസ് ബാക്ടീരിയയും സംയുക്തമായി പ്രവർത്തിച്ചാണ് മാലിന്യം സംസ്കരിക്കുന്നത്. ലാർവകളാണ് മാലിന്യം അകത്താക്കുന്നത്. ചെമ്മീൻതോടും ഞണ്ട് വേസ്റ്റും അടക്കം മണ്ണിൽ ലയിക്കുന്ന എത് മാലിന്യവും ഇതിലിടാം. ഒരു പാത്രം നിറയാൻ ഒരു വർഷമെടുക്കും. ചെടികൾക്കും പച്ചക്കറികൾക്കുമെല്ലാം ഉപയോഗിക്കാവുന്ന ജൈവവളമാണ് ലഭിക്കുക. ദുർഗന്ധവുമുണ്ടാകില്ല.
നാല്‌ വർഷത്തിനിടയിൽ സംരംഭത്തിലൂടെ പ്രദേശത്തെ നിരവധി സ്ത്രീകൾക്ക് തൊഴിലും നൽകി. എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്‌ ജില്ലകളിലെ 21 പഞ്ചായത്തിലായി ഏഴായിരത്തോളം വീടുകളിൽ നിതിന്റെ വേസ്റ്റ് ഡൈജസ്റ്റർ ഉപയോഗിക്കുന്നു. ആമസോണിലൂടെ കേരളത്തിന് പുറത്തും വിപണനം ചെയ്യുന്നു. രണ്ടുവർഷം മുമ്പാണ് പേറ്റന്റ്‌ ലഭിച്ചത്. 
ശുചിത്വമിഷന്റെ അംഗീകാരമുള്ളതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ഫണ്ട് ഉപയോഗിച്ച്‌ ഈ ഉപകരണം വാങ്ങാവുന്നതാണ്. വീടുകൾക്ക് ആവശ്യമായ രണ്ട്‌ ടാങ്കുകൾക്ക് 4500 മുതൽ 8000 വരെയാണ് വില. തദ്ദേശ സ്ഥാപനങ്ങളിലൂടെ സ്വന്തമാക്കാൻ 10 ശതമാനം ഉപഭോക്തൃവിഹിതം മാത്രം അടച്ചാൽ മതി. പച്ചക്കറി മാർക്കറ്റ്, മത്സ്യ –- ഇറച്ചി മാർക്കറ്റ്, സ്കൂളുകൾ, ഹെൽത്ത് സെന്ററുകൾ തുടങ്ങി ശരാശരി ദിവസം 20 കിലോ മാലിന്യം ഇടാൻ കഴിയുന്നവയ്ക്ക് 60,000 രൂപയും അഞ്ച്‌ കിലോയ്ക്ക് 20,000 രൂപയുമാണ് വില. ഇഷ്ടമുള്ള ചായ നൽകുന്ന ചായ മാസ്റ്റർ അടക്കം നിരവധി കണ്ടുപിടിത്തങ്ങൾ ഈ യുവ എൻജിനിയറുടേതായുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top