21 December Saturday

നവതിയുടെ നിറവിൽ കൈരളി വായനശാല

വി വി രഗീഷ്Updated: Friday Sep 20, 2024

പഴങ്കാവ് കൈരളി വായനശാല കെട്ടിടം

വടകര
സ്വാതന്ത്ര്യസമര പോരാട്ടത്തിനൊപ്പം സഞ്ചരിച്ച് നാടിന് അക്ഷരവെളിച്ചം പകർന്ന പഴങ്കാവ് കൈരളി വായനശാല നവതിയുടെ നിറവിൽ. ദേശീയ പ്രസ്ഥാനത്തിന് ഊർജം പകരാൻ സ്വാതന്ത്ര്യസമര സേനാനി കേളുഏട്ടൻ 1934ലാണ് വായനശാല സ്ഥാപിച്ചത്. 2023 സെപ്തംബറിൽ തുടങ്ങി ഒരുവർഷം നീണ്ടുനിന്ന നവതി ആഘോഷങ്ങൾ 21ന്‌ സമാപിക്കും. 
1932ൽ ഗാന്ധിജിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മൊയാരത്ത് ശങ്കരന്റെ നേതൃത്വത്തിൽ വടകരയിൽ നടന്ന ജാഥയെ തുടർന്ന് കേളുഏട്ടൻ അടക്കം 34 പേരെ പൊലീസ് ജയിലിലടച്ചു. സ്വാതന്ത്ര്യസമര പ്രവർത്തനം ശക്തിപ്പെടുത്താൻ ജയിലിൽ വച്ചുണ്ടായ തീരുമാനത്തിന്റെ ഭാഗമായി, ജയിൽമോചിതനായ കേളുഏട്ടൻ 1934 സെപ്തംബർ 15ന് വടകര അടക്കാത്തെരു–-പരവന്തല റോഡിൽ ആണ്ടി വൈദ്യരുടെ മരുന്നുകടയുടെ മുകളിൽ സൗജന്യമായി ലഭിച്ച മുറിയിൽ കൈരളി വായനശാല സ്ഥാപിക്കുകയായിരുന്നു. 
പിന്നീട് അദ്ദേഹത്തിന്റെ അമ്മയുടെ വകയായി ലഭിച്ച തൊട്ടടുത്തുള്ള രണ്ട് സെന്റ്‌ ഭൂമിയിൽ ഷെഡ്ഡ്‌ കെട്ടി വായനശാല അങ്ങോട്ടുമാറ്റുകയായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ നിരവധി പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായി വായനശാല മാറി. പിന്നീട്‌ കേളുഏട്ടൻ കോൺഗ്രസ് സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായി മാറിയതോടെ രാഷ്ട്രീയവിരോധികൾ അവരുടെ പക തീർത്തത്  വായനശാല തകർത്തുകൊണ്ടായിരുന്നു. കെട്ടിടവും പുസ്തകങ്ങളുമുൾപ്പെടെ  അക്ഷരവിരോധികൾ നശിപ്പിച്ചു. 
1980കളിൽ വായനശാല പുനഃസ്ഥാപിക്കാൻ അക്ഷരസ്നേഹികൾ മുന്നിട്ടിറങ്ങിയതിനെ തുടർന്ന്‌ കേളുഏട്ടന്റെ നേതൃത്വത്തിൽ 1985 ഏപ്രിൽ 7ന് പഴങ്കാവിൽ സ്വന്തം കെട്ടിടത്തിൽ ആരംഭിച്ചതാണ് ഇന്നത്തെ കൈരളി വായനശാല. വി വി ദക്ഷിണാമൂർത്തിയാണ് മൂന്നുനില വായനശാല കെട്ടിടം ഉദ്ഘാടനംചെയ്തത്. 1997ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തു. 
15000–-ത്തിലേറെ പുസ്തകങ്ങളും 1500–-ലേറെ റഫറൻസ് ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. ബാലവേദി, വനിതാവേദി, യുവജനവേദി എന്നിവയും പ്രവർത്തിക്കുന്നു. പി പി വിജയൻ പ്രസിഡന്റും പി പി മാധവൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇ കെ ഷീജയാണ് ലൈബ്രേറിയൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top