കോഴിക്കോട്
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ‘ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2024’ ജില്ലാ മത്സരം ഞായറാഴ്‌ച മെഡിക്കൽ കോളേജ് ക്യാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ടാലന്റ് ഫെസ്റ്റ് രാവിലെ 9.30ന് എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. എൻ പി ഹാഫിസ് മുഹമ്മദ് ഉദ്ഘാടനംചെയ്യും. 10ന് മത്സരം ആരംഭിക്കും. ഇതോടൊപ്പം വിദ്യാർഥികളുടെ ശാസ്ത്ര പാർലമെന്റുമുണ്ടാകും. രാവിലെ 10ന് ശാസ്ത്രകാരൻ ഡോ. കെ പാപ്പുട്ടി ഉദ്ഘാടനംചെയ്യും. തുടർന്ന് ശാസ്ത്ര ലേഖകൻ ഡോ. ജീവൻ ജോബ് തോമസ് കുട്ടികളോട് സംസാരിക്കും. ‘ഡിജിറ്റൽ ലോകവും ഭാവി ജീവിതവും’ തലക്കെട്ടിലാണ് ശാസ്ത്ര പാർലമെന്റ് ചേരുക.
ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളാണ് പങ്കെടുക്കുക. 17 ഉപജില്ലയിൽനിന്നായി 136 കുട്ടികൾ പങ്കെടുക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം.
രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഉപജില്ലാ മത്സരത്തിൽ ലഭിച്ച സാക്ഷ്യപത്രവും സ്‌കൂൾ ഐഡി കാർഡും കൊണ്ടുവരണം. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5000 രൂപ സമ്മാനത്തുകയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകും. ശാസ്ത്ര പാർലമെന്റിൽ പങ്കെടുക്കുന്നവർക്കും ഉപഹാരമുണ്ട്. ജില്ലാ മത്സരത്തിന്റെ സമ്മാനദാനം പിന്നീട് നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..