22 December Sunday

സാംസ്കാരിക ചത്വരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

നഗരസഭ സാംസ്കാരിക ചത്വരം ഷാജി എൻ കരുൺ നാടിന് സമർപ്പിക്കുന്നു

 

വടകര
വടകരയുടെ സായാഹ്നങ്ങൾക്ക്‌ സാംസ്കാരിക ചാരുതയേകാൻ നഗരസഭ നിർമിച്ച സാംസ്കാരിക ചത്വരം നാടിന്‌ സമർപ്പിച്ചു. വടകരയുടെ ഹൃദയഭാഗത്ത് അതിഥി മന്ദിരത്തിനുസമീപം നിർമിച്ച ചത്വരം ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ ഉദ്‌ഘാടനംചെയ്‌തു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. 
നഗരസഭ 50 ലക്ഷം രൂപ വകയിരുത്തിയാണ് ചത്വരം നിർമിച്ചത്. തുറന്ന വേദിക്കു പുറമെ, ദീപാലങ്കാരം, ചുറ്റുമതിൽ, ഗേറ്റ്, യാർഡ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. തുറന്ന വേദിക്ക് മുന്നിലും വശങ്ങളിലുമായി 500 ഓളം പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ വീക്ഷിക്കാൻ കഴിയും. വടകരയുടെ കലാ–-സാംസ്കാരിക–-കായിക പെരുമ വിളിച്ചോതുന്ന കളരി, തെയ്യം, വോളിബോൾ തുടങ്ങിയവയുടെ ചുവർശിൽപ്പങ്ങളും ചത്വരത്തിന്‌ മാറ്റുകൂട്ടുന്നു. സാംസ്കാരിക പരിപാടികൾക്ക് ഒപ്പം സായാഹ്നങ്ങളിൽ സമയം ചെലവഴിക്കാനും ചലച്ചിത്ര പ്രദർശനങ്ങൾക്കും ഉൾപ്പെടെ ചത്വരം ഇനി വേദിയാകും. ഞായർ, തിങ്കൾ ദിവസങ്ങളിലായി വിവിധ കലാ- സാംസ്കാരിക പരിപാടികളും ചത്വരത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. 
ചടങ്ങിൽ ടി പി ഗോപാലൻ, സതീശൻ കുരിയാടി, പ്രൊഫ. കെ കെ മഹമൂദ്, പറമ്പത്ത് രാജൻ, എൻ എം ബിജു, എ വി ഗണേശൻ, പി സോമശേഖരൻ, ടി വി ബാലകൃഷ്ണൻ, എം പി അബ്ദുള്ള, കെ പ്രകാശൻ, എ പി ഷാജിത്ത്, നിസാം പുത്തൂർ, ടി രാജൻ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ പി കെ സതീശൻ സ്വാഗതവും സെക്രട്ടറി എൻ കെ ഹരീഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി നഗരത്തിൽ സാംസ്കാരിക ഘോഷയാത്രയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top